സ്പീക്കറുടെ വിധിയിൽ തൂങ്ങി മഹാരാഷ്ട്ര സർക്കാറിന്റെ ഭാവി
text_fieldsമുംബൈ: വിമത എം.എൽ.എമാരുടെ അയോഗ്യത ഹരജികളിൽ നിയമസഭ സ്പീക്കറുടെ വിധി എതിരായാൽ മഹാരാഷ്ട്ര സർക്കാറിനെ പിരിച്ചുവിട്ട് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നേരിടാൻ സഖ്യകക്ഷികളിൽ ബി.ജെ.പി സമ്മർദം ചെലുത്തുന്നതായി അഭ്യൂഹം.
അയോഗ്യത ഭീഷണി നേരിടുന്ന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെപക്ഷ ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാർ പക്ഷ എൻ.സി.പിയും ഇതിനോട് വിയോജിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിൽനിന്ന് അജിത് പവാർ വിട്ടുനിന്നതും ഇന്ന് ധനകാര്യം തന്റെ കൈയിലാണെങ്കിൽ നാളെ ആർക്കാകുമെന്ന് അറിയില്ലെന്ന അദ്ദേഹത്തിന്റെ പരാമർശവും അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടുന്നു.
മറാത്ത സംവരണ സമര നായകനെ കാണാൻ മുഖ്യമന്ത്രിക്കൊപ്പം ജൽനയിൽ പോകാൻ അജിത് കൂട്ടാക്കാത്തതും അദ്ദേഹത്തിന്റെ മുസ്ലിംസംവരണ ആവശ്യം ബി.ജെ.പി മാനിക്കാത്തതും സഖ്യത്തിൽ വിള്ളലുണ്ടെന്ന് വ്യക്തമാക്കുന്നു. വിദ്യാഭ്യാസത്തിൽ മുസ്ലിംകൾക്ക് അഞ്ചു ശതമാനം സംവരണം നടപ്പാക്കാൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെടുമെന്ന് കഴിഞ്ഞദിവസം അജിത് മുസ്ലിം നേതാക്കളോട് പറഞ്ഞിരുന്നു.
2014ൽ മറാത്ത സംവരണം റദ്ദാക്കിയ ബോംബെ ഹൈകോടതി മുസ്ലിംകൾക്ക് വിദ്യാഭ്യാസത്തിനുള്ള അഞ്ചു ശതമാനം സംവരണം നിലനിർത്തിയിരുന്നു. എന്നാൽ, അന്ന് മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് മതത്തിന്റെ പേരിൽ സംവരണമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
വിമതരുടെ അയോഗ്യത ഹരജികൾ പരിഗണിക്കുന്നത് വൈകിപ്പിക്കാതെ സമയക്രമം വ്യക്തമാക്കാൻ സ്പീക്കറോട് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് അഭ്യൂഹങ്ങളുയരുന്നത്. തിങ്കളാഴ്ച സ്പീക്കർ രാഹുൽ നർവേക്കർ അയോഗ്യത ഹരജികളിൽ വാദം കേൾക്കാനിരുന്നെങ്കിലും അയോഗ്യത ഹരജികളിലെല്ലാം ഒന്നിച്ച് വാദം കേൾക്കുന്നതിനെ ഷിൻഡെപക്ഷം എതിർത്തതോടെ നടപടി ഒക്ടോബർ 13ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.