2000 നോട്ട്: നിരോധന കാരണം ചിപ്പ്ക്ഷാമം ആണോ? 2016ന്റെ പ്രേതം വീണ്ടും വേട്ടയാടാൻ എത്തിയിരിക്കുന്നു -പവൻ ഖേര
text_fieldsന്യൂഡൽഹി: 2000 രൂപ നോട്ട് നിരോധിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്. നോട്ട് നിരോധനത്തിലൂടെ 2016 നവംബർ എട്ടിന്റെ പ്രേതം വീണ്ടും രാജ്യത്തെ വേട്ടയാടാൻ തിരിച്ചെത്തിയിരിക്കുന്നതായി എ.ഐ.സി.സി മീഡിയ വിഭാഗം മേധാവി പവൻ ഖേര ആരോപിച്ചു.
കള്ളപ്പണം തടയാൻ 2000 രൂപ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന ബി.ജെ.പിയുടെ പൊള്ളയായ അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചു. ‘ലോകംനേരിടുന്ന ചിപ്പ് ക്ഷാമം 2000 രൂപ നിരോധനത്തിന് കാരണമായി പറയില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു പവൻ ഖേരയുടെ പരിഹാസം.
ഏറെ കൊട്ടിഘോഷിച്ച 2016ലെ നോട്ട് അസാധുവാക്കൽ നടപടി വരുത്തുവെച്ച വൻവിപത്ത് ഇപ്പോഴും രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പുതിയ 2000 രൂപ നോട്ട് പുറത്തിറക്കിയപ്പോൾ അതിന്റെ ഗുണഗണങ്ങളെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ ബോധവത്കരിച്ചിരുന്നു. ഇന്ന് അച്ചടി നിർത്തിയപ്പോൾ ആ വാഗ്ദാനങ്ങൾക്കെല്ലാം എന്ത് സംഭവിച്ചു? ഇത്തരമൊരു നടപടിയുടെ ഉദ്ദേശ്യം സർക്കാർ വിശദീകരിക്കണം. ജനവിരുദ്ധ-ദരിദ്ര വിരുദ്ധ അജണ്ട സർക്കാർ തുടരുകയാണ്. ഇത്രയും കടുത്ത നടപടിയെക്കുറിച്ച് മാധ്യമങ്ങൾ സർക്കാരിനെ ചോദ്യം ചെയ്യുമെന്നും ലോകത്തെ 'ചിപ്പ് ക്ഷാമം' ഇതിന് കാരണമായി പറയില്ലെന്നും പ്രതീക്ഷിക്കുന്നു’ -പവൻ ഖേര പറഞ്ഞു.
2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് ഇന്ന് വൈകീട്ടാണ് റിസർവ് ബാങ്ക് അറിയിച്ചത്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ തോതിൽ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആർ.ബി.ഐ പറയുന്നു.
2000 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തണമെന്ന് ബാങ്കുകൾക്ക് ആർ.ബി.ഐ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും 2023 സെപ്റ്റംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കും. ഒറ്റത്തവണ മാറ്റിയെടുക്കാവുന്ന പരമാവധി തുക 20,000 രൂപ മാത്രമാണ്.
2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാർച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യത്തിൽ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകൾ ഉള്ളൂ. സാധാരണ ഇടപാടുകൾക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആർ.ബി.ഐ നിരീക്ഷിക്കുന്നു. നിലവിലുള്ള 2000 നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചതാണ്. നാല് മുതൽ അഞ്ച് വർഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചതെന്നും ഇത് പൂർത്തിയായതാണ് പിൻവലിക്കാനുള്ള ഒരു കാരണമെന്നും ആർ.ബി.ഐ പറയുന്നു.
2016 നവംബർ എട്ടിന് 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയിരുന്നു. അന്ന് രാത്രി 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് 2,000 രൂപയുടെയും 500 രൂപയുടെയും പുതിയനോട്ടുകൾ രാജ്യത്ത് പുറത്തിറക്കിയത്. കള്ളനോട്ടിന്‍റെയും കള്ളപ്പണത്തിന്‍റെയും ഉപയോഗം ഇല്ലാതാവുമെന്നും അഴിമതി കുറയുമെന്നും അവകാശപ്പെട്ടായിരുന്നു നോട്ടുനിരോധനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.