നേതാജിയുടെയും ആർ.എസ്.എസിന്റെയും ലക്ഷ്യം ഒന്ന് -മോഹൻ ഭാഗവത്; നേതാജിയെ ‘ഏറ്റെടുത്ത്’ രാഷ്ട്രീയ മുതലെടുപ്പെന്ന് പ്രതിപക്ഷം
text_fieldsകൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും ആർ.എസ്.എസിന്റെയും ലക്ഷ്യം ഒന്നാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഇരുകൂട്ടരും പ്രവർത്തിച്ചത് ഇന്ത്യയുടെ മഹത്വമുയർത്തുന്നതിനുവേണ്ടിയാണെന്നും മാർഗങ്ങൾ വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ ‘നേതാജി ലോഹോ പ്രണാം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. നേതാജിയെ നമ്മൾ ഓർക്കുന്നത് സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾമാത്രം മാനിച്ചല്ല. ഒപ്പം അദ്ദേഹത്തിന്റെ ഗുണങ്ങൾ പകർത്താനാണ് നമ്മൾ ശ്രമിക്കുന്നത്. ഇന്ത്യയെ കുറിച്ച അദ്ദേഹത്തിന്റെ സ്വപ്നം ഇപ്പോഴും പൂവണിഞ്ഞിട്ടില്ല. അതിനുവേണ്ടി നമ്മൾ ശ്രമിക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
നേതാജിയുടെയും ആർ.എസ്.എസിന്റെയും പ്രത്യയശാസ്ത്രം ഒന്നായിരുന്നില്ലെന്ന് നേതാജിയുടെ മകൾ അനിത ബോസ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് ഭാഗവതിന്റെ പ്രസ്താവന.
നേതാജിയെ ‘ഏറ്റെടുത്ത്’ രാഷ്ട്രീയ മുതലെടുപ്പ് - പ്രതിപക്ഷം
ന്യൂഡൽഹി: രാഷ്ട്രീയമായി മുതലാക്കാൻ സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെയും ധീരരായ സൈനികരുടെയും പേരുകൾ ദുരുപയോഗിക്കുകയാണ് ബി.ജെ.പിയൂം ആർ.എസ്.എസും ചെയ്യുന്നതെന്ന് പ്രതിപക്ഷം. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കേന്ദ്രത്തിന്റെ രാഷ്ട്രീയ സമീപനത്തിൽ പ്രതിഷേധിച്ചു. രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഈ പേരിടലെന്ന് കോൺഗ്രസ്, സി.പി.എം, ഫോർവേർഡ് ബ്ലോക്ക് എന്നിവയും കുറ്റപ്പെടുത്തി. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വഴിപിഴച്ച ആശയങ്ങളെ നേതാജിയുമായി ബന്ധിപ്പിക്കാനാണ് ശ്രമമെന്ന് സി.പി.എം നേതാവ് സുജൻ ചക്രവർത്തി പറഞ്ഞു. സെല്ലുലാർ ജയിലിൽ എത്തിയ സന്ദർഭത്തിൽ നേതാജി തന്നെ ഷഹീദ് എന്നും സ്വരാജ് എന്നും പേരിട്ട ദ്വീപിനാണ് വെറുതെ പേരെടുക്കാൻ കേന്ദ്രസർക്കാർ നാമകരണം നടത്തിയതെന്ന് മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.