സെൻസസ് നടപടി ത്വരിതപ്പെടുത്തി സർക്കാർ; സെപ്റ്റംബറിൽ ആരംഭിച്ചേക്കും
text_fieldsന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) നടത്തുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തി സർക്കാർ. സെപ്റ്റംബറിൽ രാജ്യത്ത് സെൻസസ് ആരംഭിച്ചേക്കുമെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. കണക്കെടുപ്പ് പൂർത്തിയാവാൻ 18 മാസക്കാലയളവാണ് പ്രതീക്ഷിക്കുന്നത്. 2021ൽ നടക്കേണ്ടിയിരുന്ന ജനസംഖ്യ കണക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടർന്നാണ് വൈകിയത്. എന്നാൽ, കോവിഡ് പ്രതിസന്ധി നീങ്ങിയും നടപടി വർഷങ്ങളോളം വൈകിയതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമാകുന്നതിനിടെയാണ് സർക്കാർ നീക്കം.
2011ലാണ് അവസാനമായി സെൻസസ് നടത്തിയത്. ഇതിലെ വിവരങ്ങൾ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ഫലപ്രാപ്തിയെ ഗൗരവകരമായി ബാധിക്കുന്നതായും ആക്ഷേപം ശക്തമായിരുന്നു. പുതുക്കിയ കണക്കുകളുടെ അഭാവത്തിൽ 10 കോടിയാളുകൾ പൊതുവിതരണ സംവിധാനത്തിൽ മാത്രം പുറത്തായതായാണ് കണക്കുകൾ. സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും എണ്ണം കണക്കാക്കിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം ഫണ്ടനുവദിക്കുന്നത്. കൃത്യമായ കണക്കുകൾ ഇല്ലാതായതോടെ പല സംസ്ഥാനങ്ങൾക്കും അർഹിക്കുന്ന തുക കിട്ടാത്ത സാഹചര്യവുമുണ്ട്.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വികസനം, വാർധക്യകാല പെൻഷൻ, പാവപ്പെട്ടവർക്കുള്ള ഭവനനിർമാണം എന്നിവയടക്കം പദ്ധതികൾക്ക് പണം നീക്കിവെക്കാൻ സംസ്ഥാന സർക്കാറുകളും സെൻസസ് വിവരങ്ങളെയാണ് ആശ്രയിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന സ്ഥിതിവിവരക്കണക്കുകൾ പരിഷ്‍കരിക്കാൻ പല സംസ്ഥാനങ്ങളും സ്വന്തമായി കണക്കെടുപ്പ് നടത്തിയിരുന്നു. 2026 മാർച്ചോടെ സ്ഥിതിവിരണക്കണക്കുകൾ ഏകോപിപ്പിച്ച് പ്രസിദ്ധീകരിക്കാനാണ് ആഭ്യന്തര-സ്ഥിതിവിവരക്കണക്ക് മന്ത്രാലയങ്ങളുടെ പദ്ധതി. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും ഇതുവരെ അനുമതി ലഭ്യമായിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
ജാതിക്കായി കോളം; കേന്ദ്രത്തിൽ തിരക്കിട്ട ചർച്ചകൾ
ന്യൂഡൽഹി: സെൻസസിനായി നൽകുന്ന ഫോറത്തിൽ ജാതിക്കായി കോളം ചേർക്കണോ എന്ന വിഷയത്തിൽ തിരക്കിട്ട ചർച്ചകളുമായി കേന്ദ്രം. ജാതി സെൻസസിനായി പ്രതിപക്ഷ കക്ഷികൾക്കൊപ്പം എൻ.ഡി.എ ഘടകകക്ഷികളും സമ്മർദം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്ര നീക്കം. 2011ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ ജാതിതിരിച്ചുള്ള ജനസംഖ്യാ വിവരങ്ങൾ സാമൂഹിക -സാമ്പത്തിക- ജാതി സെൻസസ് (എസ്.ഇ.സി.സി) വഴി ശേഖരിച്ചിരുന്നുവെങ്കിലും പുറത്തുവിട്ടിരുന്നില്ല. ഈ കണക്കുകളിൽ പിഴവുകൾ സ്ഥിരീകരിച്ച് 2021ൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
1931ലെ സെൻസസ് വിവരങ്ങളനുസരിച്ച് രാജ്യത്ത് 4,147 ജാതികളുണ്ടായിരുന്നപ്പോൾ എസ്.ഇ.സി.സി വഴി സമാഹരിച്ച കണക്കിൽ അത് 46 ലക്ഷമായതടക്കം ഗുരുതരമായ പിഴവുകൾ കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.