ലോക്സഭയിൽ പ്രത്യേക കർഷക ചർച്ചക്ക് സർക്കാർ വഴങ്ങിയേക്കും
text_fieldsന്യൂഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനത്തിെൻറ ഒന്നാം ഘട്ടം ഈയാഴ്ച അവസാനിക്കാനിരിക്കെ, കാർഷിക നിയമവും സമരവുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ച വേണമെന്ന പ്രതിപക്ഷത്തിെൻറ കർക്കശ നിലപാടിന് സർക്കാർ വഴങ്ങിയേക്കും. ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതിക്ക് നന്ദി പ്രകടിപ്പിക്കുന്ന പ്രമേയം പാസാക്കാതെ ഒന്നാം ഘട്ടം അവസാനിപ്പിക്കാൻ കഴിയാത്തതാണ് പ്രധാന കാരണം. പല ബില്ലുകളുടെയും കാര്യത്തിൽ ചെയ്യാറുള്ളതുപോലെ ബഹളത്തിനിടയിൽ ചർച്ച കൂടാതെ നന്ദിപ്രമേയം പാസാക്കുന്നത് അനുചിതമാണ്. നന്ദിപ്രമേയം യഥോചിതം പാസാക്കേണ്ടതും അതിന് സാഹചര്യം ഒരുക്കേണ്ടതും സർക്കാറിെൻറ ഉത്തരവാദിത്തമാണ്.
സർക്കാറിനെ വെട്ടിലാക്കിയ ഈ നിലപാടിന് വഴങ്ങേണ്ടിവരുന്നത് പ്രതിപക്ഷ തന്ത്രത്തിെൻറ വിജയമാണ്.
രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. നന്ദിപ്രമേയ ചർച്ചക്കുള്ളിൽ കർഷക പ്രശ്നത്തെക്കുറിച്ച് ചർച്ച െചയ്യാൻ അഞ്ചു മണിക്കൂർകൂടി അനുവദിച്ചാണ് പ്രതിപക്ഷത്തെ സർക്കാർ രാജ്യസഭയിൽ അടക്കിയത്. എന്നാൽ, ലോക്സഭയിൽ പ്രതിപക്ഷം നിലപാട് കുറച്ചുകൂടി കടുപ്പിച്ചു.
നന്ദിപ്രമേയ ചർച്ചക്കൊപ്പം വേണ്ട കർഷക വിഷയം പ്രത്യേകമായിത്തന്നെ ചർച്ച ചെയ്യണമെന്ന് വാദിച്ചു. തുടർച്ചയായ പ്രതിപക്ഷ ബഹളംമൂലം ലോക്സഭ നടപടി മുന്നോട്ടുനീക്കാൻ സ്പീക്കർക്ക് കഴിഞ്ഞിട്ടില്ല. ബഹളത്തിനിടയിൽ പ്രതിപക്ഷത്തുനിന്ന് ആരും സംസാരിക്കാതെ നന്ദിപ്രമേയം പാസാക്കുന്നത് എങ്ങനെയെന്നതാണ് സർക്കാറിനെ അലട്ടുന്നത്.
ഏറ്റവും പെട്ടെന്ന് പ്രതിപക്ഷ ആവശ്യത്തിനു വഴങ്ങി നന്ദിപ്രമേയ ചർച്ച തുടങ്ങാൻ വഴിയൊരുക്കുകയാണ് പോംവഴി. പ്രതിപക്ഷം തിങ്കളാഴ്ചയും ഉറച്ച നിലപാട് തുടർന്നാൽ അതിനു സർക്കാർ വഴങ്ങുമെന്നതാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.