ഗവർണർ ഡി.എം.കെക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി, ഇ.ഡി പങ്കുചേർന്നു; മന്ത്രിയുടെ വീട്ടിലെ റെയ്ഡിൽ പരിഹാസവുമായി സ്റ്റാലിൻ
text_fieldsബംഗളൂരു: തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ ഔദ്യോഗിക വസതിയിലടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിൽ പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോൺഗ്രസ് നേതാക്കളും. ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനെത്തിയതായിരുന്നു സ്റ്റാലിൻ. തമിഴ്നാട്ടിൽ ഗവർണർ ആർ.എൻ രവി ഡി.എം.കെക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും ഇ.ഡി അതിൽ പങ്കുചേർന്നെന്നും തങ്ങളുടെ ജോലി എളുപ്പമാക്കിയെന്നും അദ്ദേഹം പരിഹസിച്ചു. ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷത്തിന്റെ സംയുക്ത യോഗത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിത്. ഡി.എം.കെക്ക് ഇതിനെ നേരിടാൻ അറിയാം. ഒന്നിനെയും ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ യോഗത്തെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു റെയ്ഡിനെതിരെ കോൺഗ്രസ് നേതാക്കളുടെ വിമർശനം. രാജ്യത്ത് ഇ.ഡി രാജാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും ജയ്റാം രമേശും ആരോപിച്ചു. തമിഴ്നാട് പി.സി.സിയും റെയ്ഡിനെ വിമർശിച്ച് രംഗത്ത് വന്നു. വിരട്ടിയാൽ പേടിക്കില്ലെന്നും ഇ.ഡി നടപടികൾ ബി.ജെ.പിയെ ദുർബലപ്പെടുത്തുമെന്നും തമിഴ്നാട് പി.സി.സി അധ്യക്ഷൻ കെ.എസ് അഴഗിരി പ്രതികരിച്ചു.
തിങ്കളാഴ്ച രാവിലെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ ചെന്നൈയിലെയും വില്ലുപുരത്തെയും വീടുകളിലടക്കം ഇ.ഡി റെയ്ഡ് ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട ഒമ്പത് സ്ഥലങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. ഏഴുപേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.