വിവാഹത്തിന് 'ഹെലികോപ്ടർ' റോഡിലിറക്കി വരൻ; സെൽഫി എടുത്ത് ജനം, വൻതുക പിഴയിട്ട് പൊലീസ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ വിവാഹത്തിന് ‘ഹെലികോപ്റ്ററി’ൽ എത്തിയ വരന് 18000 രൂപ പിഴ. ഡിയോറിയയിലെ സുഭാഷ് ചൗക്കിൽ വിവാഹ ഘോഷയാത്രയിൽ വധൂവരന്മാരെയും വഹിച്ചുകൊണ്ടുള്ള 'ഹെലികോപ്റ്റർ' റോഡിലിറങ്ങിയത് കാണാൻ ജനങ്ങൾ തടിച്ചുകൂടി. വിവാഹ ശേഷമുള്ള യാത്രക്കായി വരൻ ഹെലികോപ്റ്റർ രൂപത്തിലാക്കിയ കാർ ഉപയോഗിച്ചതാണ് വൻ ജനക്കൂട്ടത്തെ ആകർഷിച്ചത്.
വാഹനത്തോടൊപ്പം ജനങ്ങൾ സെൽഫി എടുക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തതോടെ പൊലീസ് ഇടപെടുകയായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനെത്തിയ ട്രാഫിക് സബ് ഇൻസ്പെക്ടർ കാറിന്‍റെ പേപ്പറുകൾ ചോദിപ്പോൾ ഡ്രൈവറുടെ പക്കൽ പേപ്പറുകളൊന്നും ഇല്ലാതിയിരുന്നു. ഇതോടെ വൻതുക പിഴ ചുമത്തുകയുമായിരുന്നു.
'ഹെലികോപ്റ്റർ' ബുക്ക് ചെയ്ത വിവരം അറിയാമായിരുന്നെന്നും എന്നാൽ അതിനായി എത്ര പണം ഉപയോഗിച്ചെന്നറിയില്ലെന്നും വധു പറഞ്ഞു. അന്വേഷത്തിൽ മന്നുകുമാർ ഗോയൽ എന്നയാളുടെ പേരിൽ ഡൽഹി ഗതാഗത വകുപ്പിൽ കാർ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കുശിനഗർ ജില്ലയിലെ ഒരു വ്യക്തിയുടെ പക്കൽ രൂപമാറ്റം വരുത്തിയ അര ഡസൻ കാറുകളുണ്ടെന്നാണ് വിവരം. വിവാഹച്ചടങ്ങുകൾക്കായി കൂടിയ നിരക്കിൽ ഇത്തരം വാഹനങ്ങൾ ലഭ്യമാക്കും.
ഒരു മെയിൻ റോഡ് മാത്രമുള്ള നഗരമാണ് ഡിയോറിയയെന്നും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് ട്രാഫിക് വിഭാഗത്തിന്‍റെ ലക്ഷ്യമെന്നും ട്രാഫിക് സബ് ഇൻസ്‌പെക്ടർ ഭൂപേന്ദ്ര സിങ് പറഞ്ഞു. പരിഷ്‌കരിച്ച കാറിന്‍റെ പേപ്പറുകൾ ഇല്ലാത്തതിനാൽ 18000 രൂപയുടെ പിഴ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.