ഗുജറാത്ത് തൂക്കുപാലം ദുരന്തം ഒന്നും രണ്ടുമല്ല; വീഴ്ചകൾ പത്ത്
text_fieldsമോർബി (ഗുജറാത്ത്): 135 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് മോർബിയിലെ നടപ്പാലം തകർന്നത് നവീകരണത്തിലെ വീഴ്ചകളുടെ ഫലമെന്ന് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പത്ത് വീഴ്ചകൾ ചൂണ്ടിക്കാട്ടിയത്. നവീകരിച്ച് തുറന്നു കൊടുത്ത് നാല് ദിവസത്തിനു ശേഷമാണ് പാലം തകർന്നത്.
നവീകരണത്തിന് ഉപയോഗിച്ച വസ്തുക്കൾ നിലവാരമില്ലാത്തതായിരുന്നു. പാലത്തിന്റെ ഘടന അടിമുടി ദുർബലമായിരുന്നു. 143 വർഷം പഴക്കമുള്ള പാലത്തിന്റെ നവീകരണത്തിന് മുമ്പ് സ്ട്രക്ചറൽ ഓഡിറ്റ് നടത്തിയില്ല. തൂക്കുപാലത്തിന്റെ കേബ്ളുകൾ പലതും പൊട്ടിയ ഭാഗം ഉൾപ്പെടെ തുരുമ്പെടുത്തതായിരുന്നു. കേബ്ളുകൾ നല്ലതായിരുന്നെങ്കിൽ ദുരന്തം നടക്കില്ലായിരുന്നു. നവീകരണത്തിന്റെ ഭാഗമായി കേബ്ളുകൾ മാറ്റാതെ പ്ലാറ്റ്‌ഫോം മാത്രമാണ് മാറ്റിയത്. ഇതിനുപയോഗിച്ച വസ്തുക്കൾ പാലത്തിന്റെ ഭാരം കൂട്ടി.
നവീകരണ കരാറുകാർക്ക് വേണ്ടത്ര യോഗ്യതയില്ല. നവീകരണത്തിനായി കേബ്ളുകൾ പെയിന്റ് ചെയ്ത് പോളിഷ് ചെയ്യുക മാത്രമാണ് സബ് കോൺട്രാക്ടർ ചെയ്തത്. സ്ഥാപനത്തിന് യോഗ്യതയില്ലെങ്കിലും 2007ലും ഇവർക്ക് കരാർ നൽകിയിരുന്നു. എത്രപേർക്ക് സഞ്ചരിക്കാനാകുമെന്ന് തീരുമാനിക്കാതെയാണ് പാലം തുറന്നുകൊടുത്തത്. അതിന് സർക്കാറിന്റെ അനുമതി വാങ്ങിയില്ല.
അടിയന്തര രക്ഷാപ്രവർത്തന സൗകര്യങ്ങളില്ല. ജീവൻരക്ഷ ഉപകരണങ്ങളോ ലൈഫ് ഗാർഡുകളോ ഉണ്ടായിരുന്നില്ല. അറ്റകുറ്റപ്പണിയുടെ ഒരു രേഖകളും ഇല്ല. വിദഗ്ധർ പരിശോധിച്ചിട്ടുമില്ല. നവീകരണം പൂർത്തിയാക്കാൻ ഡിസംബർ വരെ സമയമുണ്ടായിരുന്നു, ദീപാവലിയുടെയും ഗുജറാത്തി പുതുവർഷത്തിന്റെയും തിരക്ക് പ്രതീക്ഷിച്ച് പാലം വളരെ നേരത്തേ തുറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.