പൊലീസ് തകർത്ത മസ്തിഷ്കവുമായി ജീവിക്കുന്ന ഒരു 15കാരനുണ്ട് മോദിയുടെ വാരാണസിയിൽ
text_fieldsയു.പിയിൽ ഒരു തെരഞ്ഞെടുപ്പ് കൂടി വരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ വീട്ടിൽ തലയിൽ ഇനിയും ഉണങ്ങാത്ത മുറിവുകളുമായി ഒരു 15കാരൻ ജീവിതത്തിന്‍റെ ഇരുട്ടിലേക്ക് നോക്കുകയാണ്. 2019 ഡിസംബർ 20നാണ് തൻവീർ ആലം എന്ന 15കാരനെ പൊലീസുകാർ ക്രൂരമായി മർദിച്ച് തലതകർത്തത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം കൊടുമ്പിരികൊണ്ട കാലമായിരുന്നു അത്. സി.എ.എ വിരുദ്ധ റാലിക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ തൻവീർ ആലമിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറെക്കാലം നീണ്ടുനിന്ന ചെലവേറിയ ചികിത്സയ്ക്ക് ശേഷവും സാധാരണ നിലയിലേക്ക് തൻവീർ തിരിച്ചെത്തിയിട്ടില്ല. തലയ്‌ക്കേറ്റ ക്ഷതം കാരണം തൻവീറിന്‍റെ മസ്തിഷ്‌കത്തിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
തൻവീർ ഒരു പ്രകടനത്തിലും പങ്കെടുത്തിരുന്നില്ല. എന്നിട്ടും പോലീസ് അവനെ തെരുവിൽ പിടിച്ചുവെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് തല പിളർന്ന് ഒരു വശത്തേക്ക് തൂങ്ങിക്കിടന്നു. 55ലധികം തുന്നലുകളാണ് വേണ്ടിവന്നത്. ചികിത്സ ഇപ്പോഴും തുടരുന്നു.
സാമ്പത്തികമായി ദുർബലമായിരുന്നു തൻവീറിന്‍റെ കുടുംബം. നെയ്ത്ത് ജോലി ചെയ്യുന്ന പിതാവ് സലിം തൻവീറിന്‍റെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ട്. തനിക്ക് സർക്കാർ സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് സലിം പറയുന്നു. സംഭവം നടന്ന് രണ്ട് വർഷത്തിലേറെയായി. എന്നാൽ കുടുംബം ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.
നാല് സഹോദരങ്ങളിൽ മൂത്തയാളാണ് തൻവീർ. രണ്ട് ഇളയ സഹോദരന്മാരും ഒരു അനുജത്തിയും ഉണ്ട്. മകന്‍റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തിലധികം രൂപ ചെലവഴിച്ചെന്ന് സലിം പറയുന്നു. തലയിൽ ഗുരുതരമായി പരിക്കേറ്റതിനാൽ മസ്തിഷ്കം ദുർബലമായെന്നാണ് ഡോക്ടർ പറയുന്നത്. ഇപ്പോൾ അവന്‍റെ പെരുമാറ്റം അസാധാരണമാണ്. പെട്ടെന്ന് പ്രകോപിതനാകും. പരിക്ക് കാരണം മസ്തിഷ്കം ചുരുങ്ങിയതായി ഡോക്ടർമാരുടെ റിപ്പോർട്ടുണ്ട്. ഒരു മാസത്തോളം തൻവീർ അതീവ ഗുരുതരാവസ്ഥയിൽ ട്രോമ സെന്‍ററിലായിരുന്നു.
സി.എ.എ വിരുദ്ധ പ്രകടനത്തിന്‍റെ ഭാഗമായിരുന്നില്ല തൻവീർ. മുസ്ലിമാണെന്ന ഒറ്റ കാരണം കൊണ്ടാണ് പൊലീസ് മർദിച്ചതെന്ന് കുടുംബം പറയുന്നു. പരിക്കേറ്റുകിടക്കുന്ന മകനെ ഞങ്ങൾ എടുക്കുമ്പോൾ തലയിൽ നിന്ന് രക്തം ഒഴുകുകയായിരുന്നു. അവൻ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നില്ല -സലിം പറഞ്ഞു.
പൊലീസ് അന്ന് കുട്ടികളെ ക്രൂരമായി മർദിച്ചതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. വീട്ടിൽനിന്ന് ജോലിക്കും സാധനങ്ങൾ വാങ്ങാനുമായി ഇറങ്ങിപ്പോയ നിരവധി കുട്ടികളെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. പോലീസ് ആക്രമണത്തിൽ ബജാർദിഹയിൽ എട്ട് വയസുകാരൻ സഗീർ കൊല്ലപ്പെട്ടു. അന്ന് പരിക്കേറ്റ പലർക്കും മതിയായ ചികിത്സ പോലും ലഭിച്ചില്ല. കോവിഡ് വ്യാപനത്തോടെ പലർക്കും ജോലി നഷ്ടമായി. പട്ടിണിയിലായി.
വരാണസിയിലെ ബജാർദിഹയിൽ പൊലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് നിരവധി കഥകൾ പറയാനുണ്ട്. എന്നാൽ, ഒന്നുപോലും അന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയോ ചർച്ചയാകുകയോ ചെയ്തില്ല. ഒരാൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
സമാധാനപരമായിരുന്നു അന്ന് നടന്ന സി.എ.എ വിരുദ്ധ റാലി. എന്നാൽ പൊലീസ് തെരുവ് വളയുകയും ക്രൂരമർദനം അഴിച്ചുവിടുകയും ചെയ്തു. പ്രതിഷേധക്കാർക്ക് ഓടിരക്ഷപ്പെടാൻ പോലും അവസരം നൽകിയില്ല. വഴിയിൽ കണ്ടവരെയെല്ലാം മർദിച്ചു. അതിന് ശേഷം പൊലീസ് ചെയ്തത് സമീപത്തെ സി.സി.ടി.വി കാമറയുള്ള വീടുകളിലെല്ലാം കയറി കാമറകൾ തകർക്കുകയായിരുന്നു. കാമറകളെല്ലാം പൊലീസ് തകർക്കുകയോ എടുത്തുകൊണ്ട് പോകുകയോ ചെയ്തു. ജനങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളെല്ലാം പൊലീസ് ഡിലീറ്റ് ചെയ്യിപ്പിച്ചു. അന്നത്തെ ക്രൂരതക്ക് ഒരു തെളിവും അവശേഷിപ്പിച്ചില്ല. എന്നാൽ, തൻവീർ ആലം എന്ന 15കാരന്‍റെ തലയിലെ ഇനിയും ഉണങ്ങാത്ത 55ലേറെ തുന്നലുകളും, തകർന്ന മസ്തിഷ്കവും ഒരിക്കലും മായ്ച്ചുകളയാനാവാത്ത തെളിവുകളായി അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.