ചാരവൃത്തി ആരോപണം നേരിട്ടയാളെ ജഡ്ജിയായി നിയമിക്കാൻ ഹൈകോടതി നിർദേശം
text_fieldsകാൺപൂർ (യു.പി): പാകിസ്താന് വേണ്ടിയുള്ള ചാരവൃത്തിയും രാജ്യദ്രോഹക്കുറ്റവും ആരോപിക്കപ്പെട്ട് വിചാരണ നേരിട്ടതിന്റെ പേരിൽ നിയമനം നിഷേധിക്കപ്പെട്ടയാളെ അഡീഷനൽ ജില്ല ജഡ്ജിയായി നിയമിക്കാൻ അലഹബാദ് ഹൈകോടതി ഉത്തർപ്രദേശ് സർക്കാറിന് നിർദേശം നൽകി.
ഹരജിക്കാരനായ പ്രദീപ് കുമാറിന്റെ വ്യക്തിത്വ പരിശോധന നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കി ജനുവരി 15നകം നിയമന കത്ത് നൽകണമെന്നാണ് ജസ്റ്റിസുമാരായ സൗമിത്ര ദയാൽ സിങ്, ഡൊണാദി രമേഷ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകിയത്.
രണ്ട് കേസുകളിലും പ്രദീപ് കുമാർ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. 2016ലെ യു.പി ഹയർ ജുഡീഷ്യൽ സർവിസ് (ഡയറക്ട് റിക്രൂട്ട്മെന്റ്) പരീക്ഷ എഴുതി പാസായ പ്രദീപ് കുമാർ 2017 ആഗസ്റ്റ് 18ന് ഹൈകോടതി തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും കേസിന്റെ പശ്ചാത്തലത്തിൽ നിയമന ഉത്തരവ് നൽകിയിരുന്നില്ല. തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
അദ്ദേഹം രഹസ്യാന്വേഷണ ഏജൻസികളുടെ ‘റഡാറിൽ’ ഉണ്ടായിരുന്നിരിക്കാം എന്നതല്ലാതെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആരോപണത്തിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.