തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി
text_fieldsചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്‍റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് വെങ്കിടേഷ്, കേസിൽ മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും നിർദേശിച്ചു.
2011-15 കാലയളവിൽ ജയലളിത സർക്കാറിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനത്തിന് കോഴ വാങ്ങിയെന്നാണ് കേസ്. കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞവർഷം ജൂൺ 14നാണ് ബാലാജി അറസ്റ്റിലായത്. നിരവധി തവണ ജാമ്യഹരജികൾ നൽകിയെങ്കിലും കോടതികൾ തള്ളുകയായിരുന്നു. അതിന് പിന്നാലെ ഫെബ്രുവരി 13ന് സെന്തിൽ ബാലാജി സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു.
വിശ്വസനീയമായ തെളിവുകളുടെ അഭാവം, സെന്തിൽ ബാലാജിയുടെ രാജി തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടികാട്ടിയാണ് ജാമ്യം തേടിയത്. എന്നാൽ ഇ.ഡി അഭിഭാഷകർ ഈ വാദങ്ങളെ എതിർത്തിരുന്നു. 2023 ഓഗസ്റ്റിൽ ഈ കേസുമായി ബന്ധപ്പെട്ട് ഇഡി 3,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിൽ സെന്തിൽ ബാലാജി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായും സഹോദരനുമായും ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ ഏജൻസി ആരോപിക്കുന്നുണ്ട്. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡിയുടെ റിപ്പോർട്ടിലുണ്ട്. സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ച ബാങ്ക് സ്റ്റേറ്റ്മെന്‍റുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.