നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഹരജിയിൽ ഡൽഹി ഹൈകോടതി കേന്ദ്രത്തിന്‍റെ മറുപടി തേടി
text_fieldsന്യൂഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ അഭിപ്രായം തേടി. ശരീഅ നിയമപ്രകാരം വധശിക്ഷ ഒഴിവാക്കാൻ കൊല്ലപ്പെട്ട യെമൻ പൗരന്‍റെ ആശ്രിതർക്ക് ദായധനം നൽകി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ നടപടി വേണമെന്ന ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഈ ആവശ്യത്തെ പിന്തുണക്കുന്നുവെന്നും എന്നാൽ സർക്കാർ നിർദേശം തേടേണ്ടതുണ്ടെന്നും കേന്ദ്രത്തിന്‍റെ അഭിഭാഷകൻ ബോധിപ്പിച്ചു. തുടർന്നാണ് കേസ് ചൊവ്വാഴ്ചത്തേക്ക് കേന്ദ്രത്തിന്‍റെ മറുപടി അറിയാനായി മാറ്റിയത്.
യെമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ തിങ്കളാഴ്ച സൻആയിലെ അപ്പീല്‍ കോടതി പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചിരുന്നു. തുടർന്ന് ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 'സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ' ഡല്‍ഹി ഹൈകോടതിയിൽ ഹരജി നൽകി.
അഡ്വ. സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച നിമിഷ പ്രിയക്കായുള്ള ഹരജി അടിയന്തിരമായി പരിഗണിക്കാൻ ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് നിർദേശം നൽകയതിനെ തുടർന്നാണ് തിങ്കളാഴ്ച തന്നെ കേട്ടത്. ഏത് അർഥത്തിലുള്ള സഹായമാണ് വേണ്ടതെന്ന് ഡൽഹി ഹൈകോടതി അഭിഭാഷകനോട് തിങ്കളാഴ്ച ചോദിച്ചു.
അപ്പീൽ നൽകാനും ദായധനം നൽകി മോചനത്തിനുള്ള ചർച്ച നടത്താനും എംബസി വഴിയൊരുക്കണമെന്ന് അഡ്വ. സുഭാഷ് ചന്ദ്രൻ ആവശ്യപ്പെട്ടു. ഇതുവരെ കേസ് നടത്തിയത് ഇന്ത്യൻ എംബസി തന്നെയായിരുന്നുവെന്നും എന്നാൽ, വധശിക്ഷ വിധിച്ചതിൽ പിന്നെ സുപ്രീം ജുഡീഷ്യൽ കൗൺസിലിലിൽ അപ്പീൽ ഫയൽ ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.