ന്യൂസ് ക്ലിക് കേസ് ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് തള്ളണമെന്നും പൊലീസ് കസ്റ്റഡിയിൽനിന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ന്യൂസ് ക്ലിക് എഡിറ്റർ ഇൻ-ചീഫ് പ്രബീർ പുരകായസ്ത, എച്ച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവർ നൽകിയ ഹരജി ഡൽഹി ഹൈകോടതി തിങ്കളാഴ്ച ആദ്യ കേസായി പരിഗണിക്കാൻ മാറ്റി.
ഇന്ത്യക്ക് വിരുദ്ധവും ചൈനക്ക് അനുകൂലവുമായ പ്രചാരണത്തിന് ഫണ്ട് സ്വീകരിച്ചുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം. അറസ്റ്റിന്‍റെ കാരണം റിമാൻഡ് റിപ്പോർട്ടിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തിങ്കളാഴ്ച കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് നിർദേശിച്ചു.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി പുരകായസ്തക്കു വേണ്ടി പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസിനെ സമീപിച്ചതിനെ തുടർന്ന് പ്രാഥമിക വാദം കേട്ട ജസ്റ്റിസ് തുഷാർ റാവു ജെഡേലയാണ് സർക്കാർ നിലപാട് അറിയിക്കാൻ കേസ് മാറ്റിയത്. പൊലീസ് കസ്റ്റഡിയിലുള്ള കുറ്റാരോപിതരെ അതുവരെ വിട്ടയക്കണമെന്ന കപിൽ സിബലിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ പൊലീസിന് നിർദേശം നൽകി.
വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണം പുതിയതല്ലെന്നും 2020ൽതന്നെ കോടതി അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയതാണെന്നും കപിൽ സിബൽ പറഞ്ഞു. അതു കണക്കിലെടുക്കാതെയും കുറ്റം എന്താണെന്ന് അറിയിക്കാതെയുമാണ് റെയ്ഡും അറസ്റ്റും നടത്തിയതെന്ന് അദ്ദേഹം വാദിച്ചു. കേസിൽ സർക്കാറിന്‍റെ നിലപാട് അറിയാൻ സാവകാശം നൽകണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
ഉടനടി കേസ് പരിഗണിക്കേണ്ട സാഹചര്യമില്ല. അറസ്റ്റിനുശേഷം നാലുദിവസം കഴിഞ്ഞാണ് കുറ്റാരോപിതർ കോടതിയിൽ എത്തിയതെന്നും തുഷാർ മേത്ത പറഞ്ഞു. വ്യാഴാഴ്ച മാത്രമാണ് എഫ്.ഐ.ആർ പകർപ്പ് കിട്ടിയതെന്നും തൊട്ടടുത്തദിവസം കോടതിയെ സമീപിച്ചുവെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ, കേസിൽ നിലപാട് അറിയിക്കാൻ സാവകാശം വേണമെന്ന വാദം സർക്കാർ അഭിഭാഷകൻ ആവർത്തിച്ചു. ശാരീരിക വൈകല്യമുള്ള അമിത് ചക്രവർത്തിയുടെ ആരോഗ്യ കാര്യത്തിൽ പൊലീസ് കരുതൽ കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.