'ഹിന്ദി തെരിയാത് പോടാ' കാമ്പയിൻ ഫലിച്ചു; തമിഴിനെ വാനോളം പുകഴ്ത്തി അമിത് ഷാ
text_fieldsഇന്ത്യക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിന് പകരം നിർബന്ധമായും ഹിന്ദി ഉപയോഗിക്കണമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തമിഴ്നാട്ടിൽനിന്നാണ് ഏറ്റവും രൂക്ഷമായ പ്രതിഷേധങ്ങൾ ഉയർന്നത്. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ ഏറിയതുമുതൽ ഹിന്ദിക്കായി വ്യാപക മുറവിളികൾ ഉയർന്നിരുന്നു. ഇതിനെതിരെ ശക്തമായി ചെറുത്തുനിന്നത് തമിഴ്നാടാണ്. 'ഹിന്ദി തെരിയാത്, പോടാ' എന്ന കാമ്പയിനാണ് അവർ സംഘടിപ്പിച്ചത്. അത് വലിയ അളവിൽ ഫലം ചെയ്തു എന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ അമിത് ഷായുടെ വാക്കുകളിൽനിന്നും മനസിലാകുന്നത്.
തമിഴ് ഭാഷാ വികാരം കത്തി നിൽക്കുന്ന തമിഴ്നാട്ടിൽ എത്തിയപ്പോൾ തമിഴിനെ ആവോളം വാഴ്ത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിൽ ഒന്നാണ് തമിഴെന്നും അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും തമിഴിൽ ആക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നതായും അമിത് ഷാ പറഞ്ഞു. ഉന്നത വിദ്യാഭ്യാസമടക്കം മാതൃഭാഷയിൽ ആകുന്നതിനെ വാഴ്ത്താനും ഷാ മറന്നില്ല.
ചെന്നൈയിൽ ഇന്ത്യ സിമന്റ്‌സിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഹിന്ദി അടിച്ചേൽപ്പിക്കാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം തമിഴ്നാട് ശക്തമാക്കുമ്പോഴാണ് ഷായുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.