പ്രമുഖ ക്രിക്കറ്റ് എഴുത്തുകാരൻ എസ്. ദിനകർ അന്തരിച്ചു
text_fieldsചെന്നൈ: മുതിർന്ന മാധ്യമപ്രവർത്തകനും പ്രമുഖ ക്രിക്കറ്റ് എഴുത്തുകാരനുമായ എസ്. ദിനകർ (57) അന്തരിച്ചു. ഇൻഡോറിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ദി ഹിന്ദുവിന്‍റെ സീനിയർ ഡെപ്യൂട്ടി എഡിറ്ററായി (സ്പോർട്സ്) പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യ-ആസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് റിപ്പോർട്ട് ചെയ്ത ശേഷം അവസാനത്തെ ടെസ്റ്റിനായി അഹമ്മദാബാദിലേക്ക് പോകാൻ തയാറെടുക്കവെയാണ് അന്ത്യം.
മൂന്ന് പതിറ്റാണ്ടിലേറെ ദി ഹിന്ദു ഗ്രൂപ്പിൽ ജോലി ചെയ്ത ദിനകർ, പിന്നീട് സ്‌പോർട്‌സ് സ്റ്റാറിന്‍റെ ഭാഗമായി. തുടർന്ന് ദി ഹിന്ദുവിന്റെ സ്‌പോർട്‌സ് വിഭാഗത്തിലേക്ക് മാറി. സ്പോർട്സുമായി ബന്ധപ്പെട്ട് ദിനകറിന്‍റെ നിരവധി റിപ്പോർട്ടുകൾ ദി ഹിന്ദുവിലും സ്‌പോർട്‌സ് സ്റ്റാറിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻഡോറിന്റെ ക്രിക്കറ്റ് പൈതൃകത്തിൽ ഹോൾക്കറിനുള്ള സ്വാധീനത്തെ കുറിച്ചുള്ള ലേഖനമാണ് ഏറ്റവും പുതിയത്.
പ്രാദേശിക ഫുട്ബാൾ, ഹോക്കി എന്നിവ കൂടാതെ ക്രിക്കറ്റ്, ടെന്നീസ് മുതൽ കപ്പലോട്ടം വരെയുള്ള കായിക വിനോദങ്ങളെ കുറിച്ച് ദിനകർ എഴുതിയിട്ടുണ്ട്. തുടർന്ന് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യയിലും ലോകരാജ്യങ്ങളിലും സഞ്ചരിച്ച് ഉൾക്കാഴ്ചയുള്ള റിപ്പോർട്ടുകൾ തയാറാക്കുകയും ചെയ്തു.
കർണാടക സംഗീതവും സിനിമകളും ഏറെ ഇഷ്ടപ്പെട്ട ദിനകറിന് കിഷോർകുമാറിന്‍റെയും ഇളയരാജയുടെ പാട്ടുകളാണ് ഏറ്റവും പ്രിയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.