മോദി രണ്ടാം അവിശ്വാസ പ്രമേയം നേരിടാനൊരുങ്ങുമ്പോൾ...
text_fieldsമണിപ്പൂർ കലാപം മുൻനിർത്തി കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ ഐക്യമായ 'ഇൻഡ്യ'ക്ക് വേണ്ടി കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർള അനുമതി നൽകിയിരിക്കുന്നു. അസമിലെ കോൺഗ്രസ് എം.പിയായ ഗാരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയം സമർപ്പിച്ചത്. 50 പേരുടെ പിന്തുണയോടെയാണ് ഗൊഗോയ് പ്രമേയം സമർപ്പിച്ചിരിക്കുന്നത്. എന്ന് അവതരിപ്പിക്കും എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
സഭയിൽ മണിപ്പൂർ കലാപത്തെ കുറിച്ച് സമഗ്രമായ ചർച്ച നടത്താനും, വിഷയത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ മറുപടി പറയാൻ നിർബന്ധിക്കാനുമാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. ഗൗരവ് ഗൊഗോയ്ക്ക് പുറമെ ബി.ആർ.എസ് എം.പി നാമ നാഗേശ്വര റാവുവും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
2014ൽ അധികാരത്തിലെത്തിയ ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിശ്വാസപ്രമേയം നേരിടുന്നത്. 2018 ജൂലൈ 20നായിരുന്നു മോദി സർക്കാറിനെതിരെ സഭയിൽ ആദ്യ അവിശ്വാസപ്രമേയം സമർപ്പിക്കപ്പെട്ടത്.
ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ മുന്നണി വിട്ട ശേഷമാണ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അന്ന് 12 മണിക്കൂറാണ് വിഷയത്തിൽ ചർച്ച നടന്നത്. 199 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അന്ന് മോദി സർക്കാർ അവിശ്വാസപ്രമേയത്തെ നിഷ്പ്രയാസം പരാജയപ്പെടുത്തി. 325 എം.പിമാരായിരുന്നു അന്ന് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. 125 പേരായിരുന്നു പ്രമേയത്തെ അനുകൂലിച്ചവർ. രണ്ടാം അവിശ്വാസപ്രമേയം നേരിടാനൊരുങ്ങുമ്പോൾ എൻ.ഡി.എക്ക് 331 എം.പിമാരുടെ പിന്തുണയാണുള്ളത്. ബി.ജെ.പിക്ക് മാത്രമായി ഇതിൽ 301 എം.പിമാരുണ്ട്. പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്ക് 144 എം.പിമാരാണുള്ളത്.
എന്താണ് അവിശ്വാസ പ്രമേയം?
സർക്കാരിലുള്ള വിശ്വാസമില്ലായ്മ, അഥവാ അവിശ്വാസം തുറന്ന് പ്രകടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന പാർലമെന്‍ററി ആയുധമാണ് അവിശ്വാസ പ്രമേയം. ഭരണകക്ഷിക്ക് വിശ്വാസം നിലനിർത്താൻ സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതായി വരും. അല്ലാത്തപക്ഷം സർക്കാർ താഴെവീഴും.
അവിശ്വാസപ്രമേയത്തിന്‍റെ ചരിത്രം
സഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ 50 എം.പിമാരുടെ പിന്തുണ ആവശ്യമാണ്. സ്വാതന്ത്ര്യം ലഭിച്ച ശേഷം മൂന്നാം ലോക്സഭയിലാണ് ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. 1963ലായിരുന്നു ഇത്. അന്ന് ജവഹർലാൽ നെഹ്റു സർക്കാരിനെതിരെ ആചാര്യ ജെ.ബി കൃപലാനിയാണ് ആദ്യത്തെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. നാല് ദിവസത്തോളമായിരുന്നു അന്ന് ചർച്ച നടന്നത്. നെഹ്റു സർക്കാർ മുന്നോട്ടുവെച്ച ചൈന പോളിസിക്ക് എതിരെയായിരുന്നു അവിശ്വാസപ്രമേയം സമർപ്പിക്കപ്പെട്ടത്. അന്ന് 347 എം.പിമാർ പ്രമേയത്തിന് എതിരെയും 62 എം.പിമാർ പ്രമേയത്തെ അനുകൂലിച്ചും വോട്ട് ചെയ്തു.
1964-75 കാലഘട്ടത്തിൽ പതിനഞ്ച് അവിശ്വാസപ്രമേയങ്ങളാണ് ലോക്സഭയിൽ ചർച്ച ചെയ്യപ്പെട്ടത്. ഇതിൽ പന്ത്രണ്ടും ഇന്ദിരാ ഗാന്ധിക്കെതിരായിരുന്നു. പിന്നീട് 1981-82 കാലത്ത് മൂന്ന് അവിശ്വാസ പ്രമേയങ്ങൾ കൂടി നേരിട്ടതോടെ അധികാരത്തിലിരിക്കെ ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങൾ നേരിട്ട പ്രധാനമന്ത്രിയെന്ന പദവി ഇന്ദിരാഗാന്ധി നേടിയിരുന്നു.
1979 ജൂലൈ 11നായിരുന്നു സർക്കാറിനെ താഴെയിറക്കിയ ആദ്യ അവിശ്വാസ പ്രമേയം ചർച്ചയാകുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിലെ വൈ.ബി ചവാനാണ് പ്രമേയം അവതരിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി ഒമ്പത് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പ്രമേയം വോട്ടിനിടും മുമ്പ് മൊറാര്‍ജി ദേശായ് ജൂലൈ 15ന് രാജിവെക്കുകയായിരുന്നു.
അവിശ്വാസപ്രമേയം നേരിട്ട പ്രധാനമന്ത്രിമാരും താഴെവീണ മന്ത്രിസഭകളും
ലാൽ ബഹദൂർ ശാസ്ത്രി, പി.വി നരസിംഹ റാവു എന്നിവർ മൂന്ന് അവിശ്വാസപ്രമേയങ്ങളാണ് നേരിട്ടത്. മൊറാർജി ദേശായ്, അടൽ ബിഹാരി വാജ്പേയ് എന്നിവർ രണ്ടും, ജവഹർലാൽ നെഹ്റു, രാജീവ് ഗാന്ധി എന്നിവർ ഒന്ന് വീതവും അവിശ്വാസ പ്രമേയങ്ങൾ നേരിട്ടിരുന്നു. പ്രധാനമന്ത്രിമാരായ വി.പി സിംഗ്, എച്ച്.ഡി ദേവ ഗൗഡ, അടൽ ബിഹാരി വാജ്പേയ് എന്നിവരുടെ സർക്കാരുകളാണ് വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് അധികാരത്തിൽ നിന്നും താഴെയിറക്കപ്പെട്ടവർ.
1970 നവംബർ ഏഴിനായിരുന്നു വി.പി സിങ് മന്ത്രിസഭയെ താഴെയിറക്കിയ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. രാമക്ഷേത്ര വിഷയത്തിൽ ബി.ജെ.പി പിന്തുണ പിൻവലിച്ചതായിരുന്നു സർക്കാറിന്‍റെ പതനത്തിലേക്ക് നയിച്ചത്. 346 വോട്ടിനെതിരെ 142 വോട്ടുകൾക്കായിരുന്നു സിങ് പരാജയപ്പെട്ടത്.
1997 ഏപ്രിൽ 11നാണ് എച്ച്.ഡി ദേവഗൗഡ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെടുന്നത്. 292 എം.പിമാരായിരുന്നു അന്ന് സർക്കാറിനെതിരെ വോട്ട് ചെയ്തത്.
1998ൽ ബി.ജെ.പിയുടെ ആദ്യ പ്രദാനമന്ത്രിയായി ചുമതലയേറ്റ അടൽ ബിഹാരി വാജ്പേയ് സർക്കാരും വിശ്വാസവോട്ടെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. ജയലളിത നയിച്ചിരുന്ന എ.ഐ.ഡി.എം.കെ പിന്തുണ പിൻവലിച്ചതോടെ ഒരു വോട്ടിനായിരുന്നു വാജ്പേയുടെ തോൽവി. 2003ൽ അധികാരത്തിലെത്തിയ ശേഷം വീണ്ടും വാജ്പേയ് അവിശ്വാസപ്രമേയം നേരിട്ടെങ്കിലും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.