ആഘാതം ബിഹാറിൽ ഒതുങ്ങില്ല; ബി.ജെ.പി അസ്വസ്ഥം
text_fieldsന്യൂഡൽഹി: പ്രതിപക്ഷപാർട്ടികളെ പിളർത്തിയും പലവിധത്തിൽ ഒതുക്കിയും കാവിഭൂപടം വിപുലപ്പെടുത്തി വന്നതിനിടയിൽ ബിഹാറിൽനിന്നേറ്റ കനത്ത പ്രഹരത്തിൽ പുളഞ്ഞ് ബി.ജെ.പി. നിതീഷ് കുമാറിന്റെ അതിവേഗ നീക്കത്തിലൂടെ ബിഹാറിൽ ഒറ്റപ്പെട്ടുപോയ ബി.ജെ.പിയുടെ വേദന പലവിധത്തിലാണ് പുറത്തുവന്നത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും സംസ്ഥാനത്തെ ജനങ്ങളെയും നിതീഷ് ചതിച്ചുവെന്ന് അലമുറയിട്ട് പാർട്ടി എം.പി-എം.എൽ.എമാർ ധർണ നടത്തി. നിതീഷിന്റെയും മഹാസഖ്യത്തിന്റെയും ഭരണം കാലം തികക്കില്ലെന്ന് ശപിച്ചു. തേജസ്വി യാദവിനെ പിന്നിൽനിന്ന് കുത്തി 'ചതിയനായ' നിതീഷ് ആർ.ജെ.ഡി പിളർത്തുമെന്ന് പാര വെച്ചു.
ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പിന്നാമ്പുറ നീക്കങ്ങളിലൂടെ സഖ്യങ്ങളും മന്ത്രിസഭകളും അട്ടിമറിച്ച ബി.ജെ.പിയിൽനിന്നുതന്നെയാണ് ഈ വിലാപം. മഹാരാഷ്ട്ര ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു. ശിവസേന പിളർത്തി പ്രതിപക്ഷ സഖ്യസർക്കാറിനെ പുറന്തള്ളി അധികാരം പിടിച്ചടക്കുകയാണ് ബി.ജെ.പി ചെയ്തത്.
ബിഹാറിൽ ജനതാദൾ-യു പിളർത്താനുള്ള ശ്രമങ്ങൾ മനസ്സിലാക്കി അതിവേഗം നീങ്ങിയ നിതീഷ് ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു. പ്രാദേശിക പാർട്ടികളെ വകവരുത്താൻ നിരന്തരം ശ്രമിക്കുന്ന ബി.ജെ.പിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിച്ചതിനെ വിവേകപൂർണമായ തീരുമാനമെന്നാണ് എൻ.സി.പി നേതാവ് ശരദ് പവാർ വിലയിരുത്തിയത്.
ബിഹാറിലെ സംഭവവികാസങ്ങൾ ബി.ജെ.പിക്കുണ്ടാക്കിയ ആഘാതം ആ സംസ്ഥാനത്തു മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ബി.ജെ.പിയുടെ അസ്വസ്ഥതയും അതുതന്നെ. ഹിന്ദി ഹൃദയ ഭൂമിയെന്നറിയപ്പെടുന്ന മേഖലകളിൽ എടുത്തുപറയാവുന്ന സഖ്യകക്ഷികളില്ലാതെ ബി.ജെ.പി ഒറ്റപ്പെട്ട സ്ഥിതിയിലായി. ബി.ജെ.പി ഞെരിച്ചമർത്താൻ ശ്രമിക്കുന്നുവെങ്കിലും പ്രാദേശിക കക്ഷികൾ ഈ മേഖലകളിൽ ശക്തിപ്പെടുന്നുവെന്ന യാഥാർഥ്യവും ഒപ്പമുണ്ട്.
നിതീഷിന്റെ ചേരിമാറ്റത്തോടെ ബിഹാറിൽ ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ വീണ്ടും ശക്തിയാർജിക്കുന്നു. യു.പിയിൽ ബി.എസ്.പിയെ ആശ്രിതരാക്കി മാറ്റിയെങ്കിലും സമാജ്‍വാദി പാർട്ടി സ്വന്തം നിലക്ക് സീറ്റെണ്ണം വർധിപ്പിച്ച നിയമസഭ തെരഞ്ഞെടുപ്പാണ് കടന്നുപോയത്. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് ശക്തരായ എതിരാളികൾതന്നെ.
ശിവസേന വിമതരെ മറയാക്കി ബി.ജെ.പി അധികാരംപിടിച്ചെങ്കിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് നേരിടേണ്ടത് കരുത്തുള്ള പ്രതിപക്ഷത്തെയാണ്. രണ്ടു വർഷത്തിനുള്ളിൽ നടക്കേണ്ട അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കർണാടക, തെലങ്കാന, ഡൽഹി, ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, ഹരിയാന തുടങ്ങി ചെറുതും വലുതുമായ പല സംസ്ഥാനങ്ങളിലും പ്രതിപക്ഷം ശക്തമാണ്.
പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് പതിവുപോലെ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിയില്ല. ഇതിനൊപ്പമാണ് ബിഹാറിലെ പ്രതീക്ഷകൾ തകർന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുകയും അവർ കുറഞ്ഞ സീറ്റുകളിൽ മാത്രം ജയിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ബി.ജെ.പി ശൈലിയുടെ അപകടം മനസ്സിലാക്കി ചങ്ങാത്തം അവസാനിപ്പിച്ച പാർട്ടികൾ നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.