സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: കുറ്റവാളികൾക്ക് വധശിക്ഷ പരിഗണനയിലെന്ന് മുഖ്യമന്ത്രി
text_fieldsമണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിലെ കുറ്റവാളികൾക്ക് വധശിക്ഷ പരിഗണനയിലെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും രാജ്യത്താകമാനം പ്രതിഷേധം ഉയരുകയും ചെയ്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ സുപ്രീം കോടതിയടക്കം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദേശം നൽകിയിരുന്നു. ഇത് അംഗീകരിക്കാനാവില്ല. സാമുദായിക കലാപത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങൾ ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കി. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും. മണിപ്പൂരിൽ ഇത് സർക്കാർ ഇടപെടേണ്ട സമയമാണ് -ചീഫ് ജസ്റ്റിസ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 80 ദിവസത്തെ മൗനം വെടിയുകയും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് താൻ രാജ്യത്തിന് ഉറപ്പ് നൽകുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മണിപ്പൂരിന്റെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന.
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമെല്ലാം രംഗത്തുവന്നിരുന്നു. മണിപ്പൂരിൽ മനുഷ്യത്വം മരിച്ചെന്നും മോദി സർക്കാറും ബി.ജെ.പിയും ജനാധിപത്യത്തെയും നിയമവാഴ്ചയെയും ഭരണകൂടത്തിന്‍റെ സൂക്ഷ്മമായ സാമൂഹിക ഘടനയെയും തകർത്ത് മൊബോക്രസിയാക്കി മാറ്റിയെന്നുമായിരുന്നു ഖാർഗെയുടെ പ്രതികരണം. നരേന്ദ്രമോദിയുടെ മൗനം ഇന്ത്യ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'ക്ക് നിശ്ശബ്ദമായി ഇരിക്കാനാവില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും ഇടപെടൽ ഇല്ലാതിരുന്നതുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപ്പകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്.
സംഭവത്തിന്റെ തലേദിവസം കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായിരുന്നു. തുടരെ അപമാനിക്കുന്നതും നിസ്സഹായരായി സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതികളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്നതായിരുന്നു ദൃശ്യം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാൽ ജില്ലയിൽനിന്ന് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.