റിപ്പബ്ലിക് ദിന നിശ്ചലദൃശ്യം തള്ളിയ സംഭവം; കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി
text_fieldsബംഗളൂരു: റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാനുള്ള കർണാടകയുടെ നിശ്ചല ദൃശ്യങ്ങൾ സംബന്ധിച്ച അപേക്ഷകൾ കേന്ദ്രം തള്ളിയ വിഷയത്തിൽ വിമർശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ കോൺഗ്രസ് സർക്കാറായതുകൊണ്ടാണ് കേന്ദ്ര സർക്കാർ അപേക്ഷ തള്ളിയതെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
മൈസൂരു ഭരണാധികാരിയായിരുന്ന നൽവാഡി കൃഷ്ണരാജ വൊഡയാറിന്റെയും ഝാൻസി റാണിയെപോലെ ബ്രിട്ടീഷുകാരോട് പടപൊരുതിയ കിറ്റൂർ റാണി ചെന്നമ്മയുടെയും ബംഗളൂരു നഗരസ്ഥാപകൻ നാടപ്രഭു കെംപഗൗഡയുടേതുമടക്കം നാല് നിശ്ചല ദൃശ്യങ്ങളുടെ നിർദേശങ്ങളാണ് സമർപ്പിച്ചിരുന്നത്.
റിപ്പബ്ലിക് ദിന പരേഡിൽ അവസരം നിഷേധിച്ചതിലൂടെ ഏഴുകോടി കന്നഡിഗരെയാണ് കേന്ദ്ര സർക്കാർ അപമാനിച്ചിരിക്കുന്നതെന്ന് സിദ്ധരാമയ്യ എക്സിൽ കുറിച്ചു.
കഴിഞ്ഞവർഷവും കർണാടകയുടെ നിശ്ചല ദൃശ്യ നിർദേശം ആദ്യം കേന്ദ്രം തള്ളിയിരുന്നതായും പിന്നീട് കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉൾപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണയും കന്നഡിഗരെ അപമാനിക്കുന്ന പ്രവണത തുടരുകയാണ്.
പല നിർദേശങ്ങൾ സമർപ്പിച്ചിട്ടും കേന്ദ്രം അവ മുഴുവൻ തള്ളി. ജനാധിപത്യത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും നൽകിയ സംഭാവനകൾ ഓർമിപ്പിച്ചാണ് നൽവാഡി കൃഷ്ണരാജ വൊഡയാറിന്റെ നിശ്ചല ദൃശ്യം. കർണാടകയുടെ സമ്പുഷ്ടമായ പാരമ്പര്യത്തെ ദ്യോതിപ്പിക്കുന്നതാണ് കിറ്റൂർ റാണി ചെന്നമ്മയുടെ നിശ്ചല ദൃശ്യം. കെംപഗൗഡയുടെ സംഭാവനകൾ ഓർമിപ്പിക്കുന്നതാണ് ബ്രാൻഡ് ബംഗളൂരു. കർണാടകയുടെ വിലമതിക്കാനാവാത്ത നേട്ടങ്ങളെയും അതിനു പിന്നിലെ വ്യക്തികളെയും രാജ്യത്തിന് പരിചയപ്പെടുത്താനുള്ള അവസരമാണ് കേന്ദ്രം നിഷേധിച്ചത്.
കോൺഗ്രസ് സർക്കാറാണ് കർണാടകയിൽ ഭരിക്കുന്നത് എന്നതാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്രം നിശ്ചലദൃശ്യ നിർദേശങ്ങൾ തള്ളാൻ കാരണം. വരൾച്ചാ ദുരിതാശ്വാസമായി നികുതിപ്പണം വിട്ടുതരാത്ത കേന്ദ്രം, കന്നഡിഗർ നിർമിച്ച ബാങ്കുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും വിൽക്കുകയാണെന്നും രാഷ്ട്രീയ വൈരത്താൽ കർണാടകയെ തുടർച്ചയായി ആക്രമിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഈ അനീതിക്കെതിരെ കർണാടകയിൽനിന്നുള്ള ബി.ജെ.പി എം.പിമാർ ഒരക്ഷരം മിണ്ടുന്നില്ല. കേന്ദ്രം തെറ്റുതിരുത്തി കർണാടകയുടെ നിശ്ചല ദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടുത്തണം. കേന്ദ്ര സർക്കാർ തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി.
അതേസമയം, കേന്ദ്ര നടപടിയെ ന്യായീകരിച്ചായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ പ്രതികരണം.
14 വർഷം തുടർച്ചയായി കർണാടകയുടെ നിശ്ചലദൃശ്യം പരേഡിൽ ഉൾപ്പെടുത്തിയിരുന്നെന്നും ഇത്തവണ മറ്റു സംസ്ഥാനങ്ങൾക്ക് അവസരം നൽകുന്നതിനായാണ് കർണാടകയെ തഴഞ്ഞതെന്നും വിജയേന്ദ്ര പറഞ്ഞു. കഴിഞ്ഞവർഷം നിർദേശം തഴയപ്പെട്ടപ്പോൾ ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയാണ് നേടിയെടുത്തത്. വിഷയം വിവാദമാക്കുന്നതിനു പകരം സർക്കാർ കേന്ദ്രത്തെ സമീപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.