കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായ ശിവസേന ഷിൻഡെ വിഭാഗം നേതാവിന് ജാമ്യം
text_fieldsമുംബൈ: ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷാക്ക് ജാമ്യം. 15,000 രൂപയുടെ ബോണ്ടിലാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. പാൽഘർ ജില്ലയിലെ ഷിൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.
കാർ വേർളിയിൽ വെച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 45കാരിയായ കാവേരി നഖാവ മരിക്കുകയും ഭർത്താവ് പ്രദീപിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിൽ പോവുകയും അപകടം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതോടെ, സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തി.
ബാറിൽ നിന്നിറങ്ങിയ ശേഷമാണ് മിഹിർഷായും കൂട്ടുകാരും കാർ അമിതവേഗത്തിൽ ഓടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹിർ ഷാ ബാറിൽ എത്തിയതെന്ന് ബാറുടമ മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ 1.40ന് ബില്ലടച്ച ശേഷം അവിടെനിന്ന് തിരിച്ചെന്നും ബാറുടമ വ്യക്തമാക്കി. ബാർ വിട്ട് മണിക്കൂറുകൾക്കകമാണ് അപകടം.
പ്രതി മിഹിർ ഷായെ രക്ഷപ്പെടുത്താൻ സഹായിച്ചതിനായിരുന്നു പിതാവ് രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. മിഹിർഷായെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് മുംബൈ പൊലീസ്.
അപകടത്തിൽ പ്രതിസ്ഥാനത്തുള്ളവരെല്ലാം വലിയ ആളുകളാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ആരും തയാറാകില്ലെന്നും കൊല്ലപ്പെട്ട കാവേരിയുടെ ഭർത്താവ് പ്രദീപ് നഖാവ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 'കാറിടിച്ചതും ഞാൻ ഇടത് വശത്തേക്ക് തെറിച്ചുവീണു. എന്നാൽ, പിന്നിലിരുന്ന കാവേരിയെ കാർ ഇടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. അപകടത്തിലുൾപ്പെട്ടവരെല്ലാം വലിയ ആളുകളാണ്. അവർക്കെതിരെ എനിക്ക് എന്തുചെയ്യാനാകും? എനിക്ക് രണ്ട് കുട്ടികളാണുള്ളത്. ഞങ്ങൾ അനുഭവിക്കേണ്ടിവരും ബാക്കി' -എന്നിങ്ങനെയായിരുന്നു പ്രദീപിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.