ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; ആശുപത്രി ആക്രമിച്ച 25 പേർ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: പി.ജി ട്രെയ്നി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ അടിച്ചുതകർത്ത സംഭവത്തിൽ 25 പേർ അറസ്റ്റിൽ. ആക്രമണത്തിൽ വൻ നാശനഷ്ടമാണ് ആശുപത്രിക്കുണ്ടായത്. അതിനിടെ, കൊലപാതകത്തിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം വെള്ളിയാഴ്ചയും തുടർന്നു.
വനിത ഡോക്ടർക്ക് നീതി തേടി ബുധനാഴ്ച അർധരാത്രി വനിതകൾ നടത്തിയ പാതിര പ്രതിഷേധത്തിനിടെയാണ് ഒരു സംഘം ആശുപത്രിയിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. എമർജൻസി വാർഡ്, നഴ്സിങ് റൂം, മരുന്ന് സ്റ്റോർ, ഒ.പി വിഭാഗം എന്നിവ അടിച്ചുതകർത്തു. ആശുപത്രിയിലെ സി.സി ടി.വി കാമറകളും പി.ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സെമിനാർ ഹാളും നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ റഫ്രിജറേറ്ററുകൾ, മരുന്ന്, മേശകൾ, കസേരകൾ, കമ്പ്യൂട്ടറുകൾ, എക്സ് റേ യന്ത്രങ്ങൾ എന്നിവയും നശിപ്പിക്കപ്പെട്ടു. ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാൻ ആഴ്ചകളെടുക്കുമെന്നാണ് വിലയിരുത്തുന്നത്.
പ്രതിഷേധക്കാർ എന്ന വ്യാജേന അതിക്രമിച്ചുകയറിയ 40 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, കൊലപാതകക്കേസിലെ തെളിവ് നശിപ്പിച്ച് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ മമത ബാനർജി അയച്ച തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആരോപിച്ചു. ആക്രമികൾക്ക് പൊലീസ് സുരക്ഷിത പാതയൊരുക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ആക്രമണത്തിന് പിന്നിൽ സി.പി.എമ്മും ബി.ജെ.പിയുമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. പുറത്തുനിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നും അവർ കുറ്റപ്പെടുത്തി.
കൊല്ലപ്പെട്ട വനിത ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊൽക്കത്തയിൽ പ്രതിഷേധ റാലി നടത്തി. മെഡിക്കൽ കോളജിനു നേരെയുണ്ടായ ആക്രമണം സമൂഹത്തിന് അപമാനകരമാണെന്ന് ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് കുറ്റപ്പെടുത്തി. ഗവർണർ വ്യാഴാഴ്ച ആശുപത്രിയിലെത്തി സമരത്തിലുള്ള ഡോക്ടർമാരുമായി ചർച്ച നടത്തി.
സമരം ചെയ്യുന്ന ഡോക്ടർമാർക്ക് സംരക്ഷണമൊരുക്കുന്നതിലും ആക്രമണം തടയുന്നതിലും സർക്കാർ പരാജയപ്പെട്ടതായി ബി.ജെ.പി ആരോപിച്ചു. സർക്കാറിന് സ്ഥിതി നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ സൈന്യത്തെ വിളിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ആശുപത്രിയിലെ ആക്രമണത്തെ വെസ്റ്റ് ബംഗാൾ ഡോക്ടേഴ്സ് ഫോറം അപലപിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി 48 മണിക്കൂറിനകം റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും കുറ്റക്കാരെ മുഴുവൻ പിടികൂടണമെന്നും സംഘടന ആവശ്യപ്പെട്ടു.
സമരം ആരോഗ്യമേഖലയെ ബാധിച്ചു
കൊൽക്കത്ത: വനിത ഡോക്ടറുടെ കൊലപാതകത്തെത്തുടർന്നുള്ള സമരത്തെത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സേവന മേഖലയുടെ പ്രവർത്തനം താളംതെറ്റി. മിക്ക ആശുപത്രികളിലും എമർജൻസി, ഒ.പി വിഭാഗങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ രോഗികൾ ദുരിതത്തിലായി.
അതിനിടെ, കൊലപാതകക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം അറസ്റ്റിലായ പ്രതിയുടെ ഫോൺകാൾ രേഖകൾ പരിശോധിച്ചു. കൊല്ലപ്പെട്ട വനിത ഡോക്ടറുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച സംഘം താലാ പൊലീസ് സ്റ്റേഷനിലെ ഓഫിസർ ഇൻചാർജിനെ ചോദ്യം ചെയ്യുകയും ചെയ്തു.
ഡോക്ടറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) 12 മണിക്കൂർ പൊതുപണിമുടക്ക് നടത്തി. റോഡുകൾ ഉപരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.