‘നിങ്ങൾ ദോശയാണോ വടയാണോ ഇഷ്ടപ്പെടുന്നത് എന്നതല്ല ഇവിടുത്തെ വിഷയം...’ മോദിയോട് രാഹുൽ ഗാന്ധി
text_fieldsകോയമ്പത്തൂർ: നരേന്ദ്ര മോദിയുടെ സർക്കാർ ഭരിക്കുന്നത് അദാനിയാണെന്ന് രാഹുൽഗാന്ധി. നരേന്ദ്ര മോദിയും അദാനിയും ചേർന്ന് രണ്ട് ഇന്ത്യ സൃഷ്ടിച്ചു. ഒന്ന് ശതകോടീശ്വരന്മാരുടെ ഇന്ത്യ. മറ്റൊന്ന് ദരിദ്രരുടെയും പട്ടിണിപ്പാവങ്ങളുടെയും ഇന്ത്യ. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇൻഡ്യ സഖ്യത്തിന്റെ വിജയത്തോടെ ബി.ജെ.പിയുടെ ഭരണം അവസാനിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോയമ്പത്തൂരിൽ ഇൻഡ്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദോശയാണോ വടയാണോ മോദിക്ക് ഇഷ്ടമെന്നുള്ളതല്ല, തമിഴ്നാടിന്റെ സംസ്കാരവും ചരിത്രവും മോദി ഇഷ്ടപ്പെടുന്നുണ്ടോ എന്നതാണ് ആളുകൾ അറിയാൻ ആഗ്രഹിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
എട്ടുലക്ഷത്തോളം പേർ അണിനിരന്ന മഹാറാലിയെ അഭിസംബോധന ചെയ്ത തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ രാഹുൽ ഗാന്ധിയെ ‘സഹോദരൻ’ എന്നാണ് വിശേഷിപ്പിച്ചത്. കോൺഗ്രസിന്റെ പ്രകടനപത്രികയാണ് ഈ തെരഞ്ഞെടുപ്പിലെ ഹീറോയെന്നു പറഞ്ഞ സ്റ്റാലിൻ, ഇൻഡ്യ സഖ്യം ഒരു പുതിയ ഇന്ത്യ നിർമിക്കുമെന്നും കൂട്ടിച്ചേർത്തു. തന്റെ യാത്രകളിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയാണ് പാർട്ടിയുടെ പ്രകടനപത്രിക കൊണ്ടുവന്നതെന്നും ഡി.എം.കെയുടെ സാമൂഹിക നീതിയാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പ്രതിഫലിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
സ്റ്റാലിനെ ’ജ്യേഷ്ഠസഹോദരൻ’ എന്നാണ് രാഹുൽ അഭിസംബോധന ചെയ്തത്. താൻ മറ്റൊരു രാഷ്ട്രീയക്കാരനെയും ഇങ്ങനെ അഭിസംബോധന ചെയ്യുന്നില്ലെന്നും രാഹുൽ പറഞ്ഞു. മോദി സർക്കാറിനെ യഥാർഥത്തിൽ അദാനി സർക്കാർ എന്നാണ് വിളിക്കേണ്ടത്. ഇന്ത്യയിലെ എല്ലാ പ്രൊജെക്ടുകളും കേന്ദ്ര സർക്കാർ അദാനിയ്ക്ക് വെറുതെ നൽകുകയാണ്. അദാനി വേണമെന്നാഗ്രഹിക്കുന്ന ഇന്ത്യയിലെ എല്ലാം മോദി അദാനിയ്ക്ക് കൊടുക്കുകയാണെന്നും രാഹുൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രത്യയശാസ്ത്രപരമായ പോരാട്ടമാണെന്നും നടക്കാൻ പോകുന്നത് ചരിത്രപരമായ തെരഞ്ഞെടുപ്പായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണഘടന എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നും പറഞ്ഞു. വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്ന് ബി.ജെ.പി എം.പിമാർ പരസ്യമായി പ്രഖ്യാപിച്ചതായി രാഹുൽ ഗാന്ധി ആരോപിച്ചു. സർവകലാശാലകളിലെ ഭൂരിഭാഗം വൈസ് ചാൻസലർമാരും ഇപ്പോൾ ആർ.എസ്.എസുകാരാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച രാഹുൽ, ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണിതെന്നും ആരോപിച്ചു. മോദിയുടെ തമിഴ് ഭാഷ വിരോധത്തെയും രാഹുൽ ചൂണ്ടിക്കാട്ടി. ദോശ തനിക്കിഷ്ടമാണെന്ന് പറയുന്ന മോദി, ഡൽഹിയിൽ ‘ഒരു രാജ്യം, ഒരു നേതാവ്, ഒരു ഭാഷ’ എന്നിങ്ങനെയാണ് പറയുന്നത്. തമിഴും മണിപ്പൂരിയും ഉൾപ്പെടെ എല്ലാ ഭാഷകൾക്കും എന്തുകൊണ്ടാണ് ഇടം നൽകാത്തതെന്നും രാഹുൽ ചോദിച്ചു. ‘മോദിജീ, നിങ്ങൾ ദോശയോ വടയോ എന്തുവേണമെങ്കിലും ഇഷ്ടപ്പെട്ടോളൂ, അതല്ല ഇവിടുത്തെ പ്രശ്നം. നിങ്ങൾ വടയാണോ ദോശയാണോ ഇഷ്ടപ്പെടുന്നതൊന്നും ആരുടെയും വിഷയമല്ല. നിങ്ങൾ തമിഴ് ഭാഷ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നതാണ് ഞങ്ങൾ നോക്കുന്നത്. തമിഴ് ചരിത്രത്തെ നിങ്ങൾ ബഹുമാനിക്കുന്നുണ്ടോ എന്നാണ് ഞങ്ങൾ ആരായുന്നത്. ഈ രാജ്യത്തിന്റെയും തമിഴ്നാടിന്റെയും ഭാവിക്ക് നിങ്ങൾ എന്താണ് ചെയ്യുന്നതെന്നാണ് ഞങ്ങൾ നോക്കുന്നത്’ -രാഹുൽ ആഞ്ഞടിച്ചു.
കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ 30 ലക്ഷം ഒഴിവുള്ള സർക്കാർ ജോലികൾക്കായി നിയമനിർമാണം നടത്തുമെന്നും ഗാന്ധി വാഗ്ദാനം ചെയ്തു. നീറ്റ് പരീക്ഷ നടത്തുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും പരിഹരിക്കും. പ്രളയ ദുരിതാശ്വാസം, മത്സ്യതൊഴിലാളികൾക്കുള്ള സഹായം എന്നിവയിലും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.