ചിന്താശിബിരത്തിൽ നേതൃവിഷയം ചർച്ചയാക്കില്ല
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ സജ്ജമാക്കാനുള്ള തന്ത്രങ്ങൾ ചർച്ചചെയ്യുന്ന ഉദയ്പൂർ ചിന്താ ശിബിരത്തിൽ നേതൃത്വ വിഷയം ചർച്ചയാക്കില്ല.
സംഘടനാ തെരഞ്ഞെടുപ്പു നടപടികൾ സെപ്തംബറിൽ പൂർത്തിയാക്കാൻ നേരത്തെ നിശ്ചയിച്ചതുകൊണ്ടാണിത്. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിനു മുമ്പായി നേതൃസ്ഥാനത്തു വരുമെന്ന ഉത്തമ വിശ്വാസത്തിലാണ് നേതൃനിര മുന്നോട്ടു പോകുന്നത്. അദ്ദേഹം വീണ്ടും നേതൃത്വം ഏറ്റെടുക്കണമെന്ന സമ്മർദത്തിന്റെ പുതിയ വേദിയായി ഉദയ്പൂർ സ്വാഭാവികമായി മാറുകയും ചെയ്യും.
മുൻകാല ചിന്താശിബിരം സമയബന്ധിതമായ ചുവടുവെയ്പുകളൊന്നും തീരുമാനിച്ചിരുന്നില്ല. എന്നാൽ, ബ്ലോക്ക് തലം മുതൽ മുകളിലേക്കുള്ള പാർട്ടി പ്രവർത്തനത്തിന് രൂപരേഖയും സമയക്രമവും ഉദയ്പൂരിൽ തീരുമാനിക്കും. പാർട്ടി സജീവമാക്കുന്നതിന് കർമപരിപാടി തയാറാക്കും. സഖ്യങ്ങൾ ഉണ്ടാക്കുന്നതിലും വിശദ തന്ത്രങ്ങൾ രൂപപ്പെടുത്തും.
കോൺഗ്രസ് ശക്തിപ്പെട്ടാൽ മാത്രമാണ് ബി.ജെ.പി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്താൻ സാധിക്കുക എന്നതിൽ ഊന്നിയാണ് മുന്നോട്ടു നീങ്ങുകയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
മൊബൈലിന് വിലക്ക്
ഉദയ്പൂരിലെ കോൺഗ്രസ് ചിന്താശിബിര ചർച്ചകൾക്കിടയിൽ നേതാക്കൾക്ക് മൊബൈൽ ഫോണിന് വിലക്ക്. ചർച്ചകളുടെ ഉള്ളടക്കം യോഗം കഴിയും മുമ്പേ പുറംലോകത്ത് എത്തുന്നതായി കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ മൊബൈലുമായി ഹാളിൽ കയറാൻ നേതാക്കളെ അനുവദിക്കില്ല. വെള്ളിയാഴ്ച മുതൽ മൂന്നു ദിവസമാണ് ചിന്താശിബിരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.