ഗീത പ്രസിന് ഗാന്ധി പുരസ്കാരം നിശ്ചയിച്ചത് ജൂറിയെ ഇരുട്ടിൽ നിർത്തി
text_fieldsന്യൂഡൽഹി: ഗീത പ്രസിന് ഗാന്ധി സമാധാന പുരസ്കാരം നൽകാൻ സർക്കാർ തീരുമാനിച്ചത് ജൂറിയെ ഇരുട്ടിൽ നിർത്തിയെന്ന് വെളിപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണ് പുരസ്കാരം ആർക്കു നൽകണമെന്ന് നിശ്ചയിക്കുന്നത്. സമിതിയിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി അംഗമാണ്. എന്നാൽ, അവാർഡ് നിർണയത്തെക്കുറിച്ച് താൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന് അധിർ രഞ്ജൻ വെളിപ്പെടുത്തി.
ജൂറിയുടെ ഒരു യോഗത്തിലേക്കും ഫോണിൽ പോലും തന്നെ ക്ഷണിച്ചിട്ടില്ല. ഗീത പ്രസിനാണ് അവാർഡെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ചൗധരി പറഞ്ഞു.
എന്നാൽ, ചൗധരിയെ ക്ഷണിച്ചിരുന്നെന്നാണ് സാംസ്കാരിക മന്ത്രാലയം അവകാശപ്പെടുന്നത്. ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും വിശദീകരിക്കുന്നു.
ഗാന്ധി സമാധാന പുരസ്കാരം സമ്മാനിക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് അഞ്ചംഗ സമിതിയാണ് ആർക്കു സമ്മാനം നൽകണമെന്ന് തീരുമാനിക്കുന്നത്.
പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ്, രണ്ടു പ്രമുഖ വ്യക്തികൾ എന്നിവരാണ് ജൂറി അംഗങ്ങൾ.
ചുരുങ്ങിയത് മൂന്നു പേർ പങ്കെടുക്കുന്ന യോഗത്തിൽ വെച്ചു വേണം പുരസ്കാരം ആർക്ക് നൽകണമെന്ന് തീരുമാനിക്കാൻ.
ഹിന്ദു മഹാസഭയുമായി ഗീത പ്രസിനും ഗാന്ധി ഘാതകനായ ഗോദ്സെക്കുമുള്ള ബന്ധം ഇത്തവണത്തെ ഗാന്ധി സമാധാന പുരസ്കാരത്തെ വിവാദത്തിലാക്കിയതിനു പിന്നാലെയാണ് ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ. സമ്മാനത്തുക സ്വീകരിക്കാതെ പ്രശംസപത്രം മാത്രം സ്വീകരിക്കാനുള്ള പുറപ്പാടിലാണ് ഗോരഖ്പുരിലെ ഹിന്ദുത്വാശയ പ്രസാധന കേന്ദ്രമായ ഗീത പ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.