അയോധ്യ മാതൃകയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് കർണാടക സർക്കാർ
text_fieldsബംഗളൂരു: കർണാടകയിൽ അയോധ്യ മാതൃകയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബി.ജെ.പി സർക്കാറിന്റെ പ്രഖ്യാപനം.മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബസവരാജ് ബൊമ്മൈ സർക്കാറിന്റെ അവസാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒപ്പം ആഞ്ജനേയ (ഹനുമാൻ) ദേവന്റെ ജന്മസ്ഥലമായി കരുതപ്പെടുന്ന കൊപ്പാലിലെ അഞ്ജനാദ്രി കുന്നുകളിൽ തീർഥാടന ടൂറിസം വികസന പദ്ധതിക്കായി 100 കോടി രൂപയുടെ പദ്ധതി തയാറാക്കി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കുമായി 1000 കോടി രൂപ നീക്കിവെച്ചതായി ബസവരാജ് ബൊമ്മൈ അറിയിച്ചു.
ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്ര മാതൃകയിൽ രാമനഗര രാമദേവര ബെട്ടയിലെ 19 ഏക്കറിലാണ് ക്ഷേത്രം നിർമിക്കുക. ക്ഷേത്ര ഭരണവകുപ്പായ മുസ്റെ വകുപ്പിന് കീഴിലുള്ളതാണ് പദ്ധതിപ്രദേശം. ‘ദക്ഷിണേന്ത്യയിലെ അയോധ്യ’യായി രാമദേവര ബെട്ടയെ മാറ്റിയെടുക്കുമെന്ന് മന്ത്രി അശ്വത് നാരായണും മുസ്റെ വകുപ്പു മന്ത്രി ശശികല ജോലെയും അറിയിച്ചിരുന്നു.
ബംഗളൂരുവിന്റെ സമീപ ജില്ലയാണ് രാമനഗര. ബംഗളൂരുവിൽനിന്ന് രാമദേവരബെട്ടയിലേക്ക് 50 കിലോമീറ്ററാണ് ദൂരം. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ ‘ഷോലെ’ ചിത്രീകരിച്ചത് ഈ കുന്നുകളിലായിരുന്നു.എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ, രാമദേവരബെട്ടയിലെ കുന്നിൽ യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ബി.ജെ.പി വൻ പ്രചാരണം നടത്തിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ മേഖലയിലെ ഹിന്ദു വോട്ടുകളുടെ ക്രോഡീകരണം ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.