‘ദ കേരള സ്റ്റോറി’ തുറന്നുകാട്ടുന്നത് പുതിയ തരം ഭീകരത; ഏതെങ്കിലും സംസ്ഥാനവുമായോ മതവുമായോ ബന്ധമില്ല -ബി.ജെ.പി അധ്യക്ഷൻ
text_fieldsബംഗളൂരു: ‘ദ കേരള സ്റ്റോറി’ എന്ന സിനിമ തുറന്നുകാട്ടുന്നത് പുതിയ തരം ഭീകരതയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ബംഗളൂരുവിൽ ബി.ജെ.പി എം.പി തേജസ്വി സൂര്യക്കും ഒരു സംഘം പെൺകുട്ടികൾക്കുമൊപ്പം സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി കർണാടക ഘടകമാണ് വിവാദ സിനിമയുടെ പ്രത്യേക പ്രദർശനം ഒരുക്കിയത്.
‘വെടിക്കോപ്പുകളില്ലാത്ത ഒരു പുതിയതരം ഭീകരതയുണ്ട്. വിഷലിപ്തമായ ഈ ഭീകരതയെയാണ് ദ കേരള സ്റ്റോറി തുറന്നുകാട്ടുന്നത്. തോക്കുകളും ആയുധങ്ങളും വെടിക്കോപ്പുകളുമെല്ലാം ഉപയോഗിച്ചുള്ള ഭീകരതയെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഇത് അപകടകരമായ മറ്റൊരു തരം ഭീകരതയാണ്. ഈ ഭീകരതക്ക് ഏതെങ്കിലും സംസ്ഥാനവുമായോ മതവുമായോ ബന്ധമില്ല’, നദ്ദ പ്രതികരിച്ചു.
‘യുവത എങ്ങനെ സ്വാധീനിക്കപ്പെടുന്നുവെന്നും തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നുവെന്നും സിനിമ കാണിക്കുന്നു. ഇത്തരം വിഷലിപ്തമായ ഭീകരതയെയും അതിന്റെ പിന്നിലെ ഗൂഢാലോചനയെയും ഈ സിനിമ വിജയകരമായി തുറന്നുകാട്ടുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സ്‌റ്റോറിയുടെ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കേരള ഹൈകോടതി ഉത്തരവിനെ പിന്തുണച്ച അദ്ദേഹം ‘ഒരു കോടതി സിനിമ സംബന്ധിച്ച് ഗൗരവമായ നിരീക്ഷണം’ നടത്തിയെന്നും അഭിപ്രായപ്പെട്ടു. സിനിമ യുവതയുടെയും സമൂഹത്തിന്റെയാകെയും കണ്ണ് തുറപ്പിക്കുന്നതാണെന്നും എല്ലാവരും കാണേണ്ടതാണെന്നും നദ്ദ പറഞ്ഞു.
സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യവിരുദ്ധ ശക്തികളെയും തീവ്രവാദത്തെയും തുറന്നുകാട്ടുന്ന സിനിമയാണിതെന്ന് കർണാടകയിലെ ബെല്ലാരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി അഭിപ്രായപ്പെട്ടിരുന്നു. മനോഹരമായ ഒരു സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് സിനിമയെടുത്തിരിക്കുന്നത്. കേരളത്തിലെ തീവ്രവാദ ഗൂഢാലോചനയാണ് സിനിമ വിവരിക്കുന്നത്. എന്നാൽ, തീവ്രവാദികൾക്കൊപ്പം ചേർന്ന് കോൺഗ്രസ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും മോദി വിമർശിച്ചിരുന്നു.
സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’ സിനിമ വിപുൽ അമൃത് ലാൽ ഷായാണ് നിർമിച്ചത്. വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ വ്യാപക ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ മതം മാറ്റി 32,000 സ്ത്രീകളെ ഐ.എസിൽ അംഗങ്ങളാക്കി വിദേശത്തേക്ക് കയറ്റിയയച്ചുവെന്നാണ് സിനിമയിലൂടെ അണിയറക്കാർ സമർഥിക്കാൻ ശ്രമിച്ചത്. എന്നാൽ, വ്യാപക വിമർശനം ഉയർന്നതോടെ യുട്യൂബ് ട്രെയിലറിലെ വിവരണത്തിൽനിന്ന് ‘32,000 സ്ത്രീകളുടെ കഥ' എന്നത് മാറ്റി 'കേരളത്തിൽ നിന്നുള്ള മൂന്ന് യുവതികളുടെ കഥ' എന്നാക്കിയിരുന്നു. 32,000 പേരെ മതംമാറി സിറിയയിലേക്ക് പോയെന്ന വാദത്തിന് തെളിവ് തന്നാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‍ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.