‘‘രാജ്യത്ത് മറ്റിടങ്ങളിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നു, ബംഗാളിൽ മാത്രം എന്താണ് പ്രശ്നം’’; വിശദീകരണം തേടി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ‘ദ കേരള സ്റ്റോറി’ സിനിമ നിരോധിച്ചതിൽ ബംഗാൾ സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി. നിരോധിച്ചത് എന്തുകൊണ്ടാണെന്ന് ബുധനാഴ്ചക്കകം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു. സിനിമ പ്രദർശനം നിരോധിച്ച ബംഗാൾ സർക്കാരിന്റെ ഉത്തരവിനെതിരായ ഹരജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വിശദീകരണം തേടിയത്.
രാജ്യത്ത് മറ്റിടങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ലാതെ സിനിമ പ്രദർശിപ്പിക്കുന്നുണ്ടെന്നും ബംഗാളിൽ മാത്രം എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെന്ന് ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതിനോട് യോജിച്ചില്ല.
‘സമാന ജനസംഖ്യാ ഘടനയുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സിനിമ പ്രദർശിപ്പിച്ചിട്ടും ഒന്നും സംഭവിച്ചിട്ടില്ല. സിനിമയുടെ കലാമൂല്യവുമായി ഇതിന് ബന്ധമില്ല. ആളുകൾക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമ കാണില്ല’, കോടതി നിരീക്ഷിച്ചു.
ബംഗാളിന് പുറമെ തമിഴ്നാട്ടിലും അപ്രഖ്യാപിത വിലക്കുണ്ടെന്ന് സിനിമ നിർമാതാക്കൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച് തമിഴ്നാട് സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീംകോടതി നിർദേശിച്ചു.
വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ‘ദ കേരള സ്റ്റോറി’ക്ക് നിരോധനമേർപ്പെടുത്തിയത്. ചിത്രത്തിന്‍റെ നിരോധനം ഉറപ്പാക്കാൻ മമത സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. 'ആദ്യം അവർ കശ്മീർ ഫയലുകളുമായി വന്നു, ഇപ്പോൾ അത് കേരള സ്റ്റോറിയാണ്, അടുത്തത് ബംഗാൾ ഫയലിനായിരിക്കും പ്ലാൻ ചെയ്യുന്നത്', എന്നിങ്ങനെയാണ് മമത പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.