ദ കേരള സ്റ്റോറി’വസ്തുതാവിരുദ്ധം -ബംഗാൾ സുപ്രീംകോടതിയിൽ
text_fieldsന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിമ വസ്തുതാവിരുദ്ധമായി നിർമിച്ചതും വിദ്വേഷപ്രസംഗങ്ങള്‍ ഉൾക്കൊള്ളുന്നതുമാണെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാനത്ത് സിനിമ റിലീസ് ചെയ്ത ദിവസം തിയറ്ററില്‍ നിന്നിറങ്ങിവന്ന പ്രേക്ഷകരില്‍ പലരും മുസ്ലിം സമുദായത്തെ അകറ്റിനിര്‍ത്തണമെന്നും പാഠം പഠിപ്പിക്കണമെന്നും പറയുന്നത് പൊലീസ് നിരീക്ഷണത്തില്‍ വ്യക്തമായെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
സിനിമ നിരോധനത്തിനെതിരെ ദ കേരള സ്റ്റോറി നിര്‍മാതാക്കള്‍ നൽകിയ ഹരജിയിൽ മറുപടിയായി നല്കിയ സത്യവാങ്മൂലത്തിലാണ് ബംഗാൾ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്റലിജൻസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിയറ്ററിനുള്ളില്‍ മഫ്തിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതില്‍നിന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ വര്‍ഗീയ പരാമര്‍ശങ്ങളും സാമുദായിക അയിത്തത്തിനുള്ള ആഹ്വാനം നടത്തുന്നതും ശ്രദ്ധയിൽപെട്ടത്.
സിനിമയുടെ ഉള്ളടക്കം തന്നെ വലിയ വിവാദമുണ്ടാക്കുന്നതാണെന്നാണ് ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പിക്ക് നേരിട്ട് റിപ്പോര്‍ട്ട് ലഭിച്ചിരുന്നത്. ഇത് സാമുദായിക ഐക്യത്തെ തകര്‍ക്കുന്നതും വര്‍ഗീയസംഘര്‍ഷത്തിന് കാരണമാകുന്നതാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.