‘വിഡ്ഢികളുടെ രാജാവ്...’; രാഹുൽ ഗാന്ധിയുടെ ‘മെയ്ഡ് ഇൻ ചൈന’ ഫോൺ പരാമർശത്തിനെതിരെ മോദി
text_fieldsഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ‘വിഡ്ഢികളുടെ രാജാവെ’ന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെതൂൽ ജില്ലയിൽ നടന്ന മധ്യപ്രദേശിലെ തന്റെ അവസാന തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പോക്കറ്റിലെ മൊബൈൽ ഫോണുകൾ ‘മെയ്ഡ് ഇൻ ചൈന’ ആണെന്നും അവ ‘മെയ്ഡ് ഇൻ മധ്യപ്രദേശ്’ ആയിരിക്കണമെന്നും തിങ്കളാഴ്ച നടന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു മോദിയുടെ വിമർശനം.
‘‘കോൺഗ്രസിലെ ഒരു ‘മഹാജ്ഞാനി’ ഇന്നലെ ജനങ്ങളോട് പറഞ്ഞത് ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിക്കുന്നത് മെയ്ഡ് ഇൻ ചൈന ഫോണുകളാണെന്നാണ്. വിഡ്ഢികളുടെ രാജാവ്...ഏത് ലോകത്താണ് അവർ ജീവിക്കുന്നത്. തങ്ങളുടെ നാടിന്റെ പുരോഗതി കാണാത്ത രോഗമാണ് അവർക്ക്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാക്കളായി ഇന്ത്യ മാറിയിരിക്കുകയാണ്’, മോദി പറഞ്ഞു.
‘മധ്യപ്രദേശിലെ ജനങ്ങൾക്കിടയിൽ ബി.ജെ.പിയോട് അഭൂതപൂർവമായ വിശ്വാസവും വാത്സല്യവും കാണാൻ തനിക്ക് കഴിയുന്നുണ്ട്. മോദിയുടെ ഉറപ്പുകൾക്ക് മുന്നിൽ തങ്ങളുടെ വ്യാജ വാഗ്ദാനങ്ങൾ വിലപ്പോവില്ലെന്ന് കോൺഗ്രസിന് അറിയാം. ഇപ്പോൾ തന്നെ അവർ പരാജയം സമ്മതിച്ചുകഴിഞ്ഞു. ജനങ്ങൾക്ക് നൽകുന്ന എല്ലാ വാഗ്ദാനങ്ങളും പൂർത്തീകരിക്കും, ഇത് താൻ നൽകുന്ന ഉറപ്പാണ്. ആദിവാസി വിഭാഗങ്ങൾക്കായി കേന്ദ്രം 24000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും’, മോദി കൂട്ടിച്ചേർത്തു.
നവംബർ 17നാണ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ ഭരണത്തിലുള്ള ബി.ജെ.പിക്ക് കോൺഗ്രസ് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.