ലാൻഡറിന്റെ ഇറക്കം 2.06 ടൺ ചാന്ദ്രമണ്ണ് തുടച്ചുനീക്കി
text_fieldsബംഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയത് 2.06 ടൺ മണ്ണും പൊടിപടലവും ഉയർത്തിവിട്ട്. പേടകം ഇറങ്ങിയ ചന്ദ്രോപരിതലത്തിന്റെ 108.4 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് പൊടിയും മണ്ണും അകന്നുമാറിയത്. ഇതിനെ ‘ഇജക്റ്റാ ഹേലോ’ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഇതോടെ ചന്ദ്രന്റെ ഈ ഭാഗം കൂടുതൽ വെളിച്ചമുള്ളതായി. പേടകം ഇറങ്ങിയതിന്റെ വിശകലനവിവരങ്ങൾ നാഷനൽ റിമോട്ട് സെൻസിങ് സെന്റർ (എൻ.ആർ.എസ്.സി) ആണ് പുറത്തുവിട്ടിരിക്കുന്നത്. പുതിയ വിവരങ്ങൾ ചന്ദ്രന്റെ സ്വഭാവം സംബന്ധിച്ച തുടർ പഠനങ്ങൾക്ക് മുതൽക്കൂട്ടാകും. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമ്പോഴുള്ള കാര്യങ്ങൾ പരിശോധിക്കാനായി പേടകത്തിലെ ഹൈറെസല്യൂഷൻ കാമറയിൽ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
വിക്രം ലാൻഡ് ചെയ്യുന്നതിന്റെ മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ കാമറ ഒപ്പിയിരുന്നു. ഇവ വിശകലനം ചെയ്ത ശേഷമാണ് ഐ.എസ്.ആർ.ഒ പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്. 2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ചന്ദ്രയാൻ മൂന്ന് പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നും എൽ.വി.എം 3 റോക്കറ്റിൽ കുതിച്ചുയർന്നത്.
ഭൂമിയിൽനിന്ന് 3,84,000 കിലോമീറ്റർ സഞ്ചരിച്ച് ആഗസ്റ്റ് 23നാണ് റോവർ ഉൾപ്പെടുന്ന ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. എല്ലാ ദൗത്യങ്ങളും പൂർത്തിയാക്കിയ ലാൻഡറിനെയും റോവറിനെയും ചന്ദ്രനിൽ രാത്രിയായതോടെ സെപ്റ്റംബർ രണ്ടിന് സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയിരുന്നു. 14 ദിവസത്തിനുശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചപ്പോൾ ഉപകരണങ്ങൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സാധ്യമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.