റിപ്പബ്ലിക് ദിനത്തിൽ രാജ്യം ഇതുവരെ കാണാത്ത കൂറ്റൻ കർഷക പരേഡ്; ഡൽഹിയിലെ അതിർത്തികളൊരുങ്ങി
text_fieldsന്യൂഡൽഹി: റിപ്പബ്ലിക്ദിനത്തിൽ രാജ്യം ഇതുവരെയും കാണാത്ത കൂറ്റൻ കർഷക പരേഡിന് ഡൽഹിയിലെ അതിർത്തികളൊരുങ്ങി. ഏറ്റവും മുന്നിലായി നേതാക്കളുടെ വാഹനങ്ങൾ ട്രാക്ടർ റാലിയെ ഡൽഹിയിലേക്കു നയിക്കുമെന്ന് സിംഘു അതിർത്തിയിൽ ഞായറാഴ്ച രാത്രി യോഗം ചേർന്ന കർഷക സംഘടനകൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിലെ കർഷകരുടെ ദുഃഖം ലോകത്തെ അറിയിക്കാനുള്ള ശക്തിപ്രകടനത്തിൽ ട്രാക്ടറുകൾക്കൊപ്പം മറ്റു വാഹനങ്ങളും ഭാഗഭാക്കാകുമെന്നും സമാധാനപൂർവം പരേഡ് മുഴുമിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
24 മണിക്കൂർ നേരം കഴിയാനുള്ള വെള്ളവും ഭക്ഷണ പാക്കറ്റുകളും സ്വന്തം ട്രാക്ടറുകളിലും വാഹനങ്ങളിലും കരുതിവെക്കണമെന്ന് കർഷകരോട് നേതാക്കൾ ആവശ്യെപ്പട്ടു. പരേഡിനിടയിൽ ആംബുലൻസുകളുമുണ്ടാകും. എല്ലാ കർഷകസംഘടനകളുമായി ബന്ധമുള്ളവരും തങ്ങളുടെ കൊടികൾക്കൊപ്പം ഒരു ദേശീയപതാകയും നാട്ടണം. അതേസമയം, ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടി അനുവദിക്കില്ല. പച്ച ജാക്കറ്റുകളിഞ്ഞ വളൻറിയർമാരുടെ നിർദേശം മുഴുവൻ കർഷകരും പാലിക്കണം. ലാത്തിയും ആയുധവുമൊന്നും കർഷകരുടെ കൈവശമുണ്ടാകരുത്. ഭിന്നതയുണ്ടാക്കുന്നതോ വിപരീതഫലമുണ്ടാക്കുന്നതോ ആയ മുദ്രാവാക്യങ്ങളോ ബാനറുകളോ പാടില്ല.
ട്രാക്ടറുകൾ അണിനിരത്തുന്ന റാലിയിൽ അവയോടൊപ്പം ട്രോളി ബന്ധിക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും വാഹനംവഴിമുടക്കി മാർഗതടസ്സം സൃഷ്ടിച്ചാൽ വളൻറിയർമാർ ആ വാഹനമെടുത്തുമാറ്റും. എവിടെനിന്ന് പരേഡ് തുടങ്ങിയോ അവിടെ അവസാനിപ്പിച്ചിട്ടല്ലാതെ പിന്മാറരുത്. ഊഹങ്ങളിൽപെട്ടുപോകരുതെന്നും അപ്പപ്പോഴുള്ള നിർദേശങ്ങളും നിജസ്ഥിതികളുമറിയാൻ സംയുക്ത കിസാൻ മോർച്ചയുടെ ഫേസ്ബുക്ക് പിന്തുടരണമെന്നും അറിയിപ്പിൽ പറഞ്ഞു. കിസാൻ പരേഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7428384230, 8448385556 എന്നീ രണ്ട് ഹെൽപ്ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അറിയിച്ചു.
ഒരു ലക്ഷം ട്രാക്ടറുകളെങ്കിലും പങ്കെടുക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൃത്യമായ കണക്കുപറയാൻ കർഷകനേതാക്കളും തയാറാകുന്നില്ല. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നു പതിനായിരക്കണക്കിന് ട്രാക്ടറുകൾ പുറപ്പെട്ടതിനാൽ അവയെത്തിയശേഷം മാത്രമേ ഇക്കാര്യം പറയാൻ കഴിയൂ എന്നതാണ് അവരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.