കേന്ദ്രത്തോട് നിയമ കമീഷൻ രാജ്യദ്രോഹക്കുറ്റം അനിവാര്യം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി മരവിപ്പിച്ച, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം അനിവാര്യമാണെന്ന് 22ാം നിയമ കമീഷൻ റിപ്പോർട്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാലുള്ള ശിക്ഷ മൂന്ന് വർഷത്തിന് പകരം ഏഴ് വർഷം മുതൽ ജീവപര്യന്തം വരെയാക്കി ഉയർത്തണമെന്നും പ്രാഥമിക അന്വേഷണം നടത്തിയശേഷം കുറ്റം ചുമത്തണമെന്നും കമീഷൻ ശിപാർശചെയ്തു. യു.എ.പി.എ, എൻ.എസ്.എ പോലുള്ള ഭീകരവിരുദ്ധ നിയമങ്ങൾ രാജ്യദ്രോഹക്കുറ്റത്തിന്റെ അനിവാര്യത ഇല്ലാതാക്കുന്നില്ലെന്നും കമീഷൻ സമർപ്പിച്ച റിപ്പോർട്ട് ഓർമിപ്പിച്ചു.
വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടർന്ന്, ബ്രിട്ടീഷ് കോളനികാലത്തെ നിയമമാണെന്ന് വിമർശിച്ചാണ് മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് 2022 മേയ് 11ന് രാജ്യദ്രോഹക്കുറ്റം (ഐ.പി.സി 124 എ) മരവിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം ഇന്ത്യൻ ശിക്ഷാ നിയമത്തിൽനിന്ന് നീക്കംചെയ്യണമെന്ന ഹരജിയിൽ സുപ്രീംകോടതി അതിന്റെ വിലപ്പെട്ട സമയം കളയരുതെന്നും കേന്ദ്രം വിഷയം പുനഃപരിശോധിക്കുന്നുണ്ടെന്നും മോദിസർക്കാർ അറിയിച്ച ശേഷമായിരുന്നു ഇത്. ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ വിവാദവകുപ്പ് ഒരാൾക്കെതിരെയും ചുമത്തരുതെന്ന് പൊലീസിനെ അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സുപ്രീംകോടതി നിർദേശവും നൽകി.
എന്നാൽ ഈ വിധിക്ക് വിരുദ്ധമായി, രാജ്യദ്രോഹക്കുറ്റം പുനഃസ്ഥാപിക്കണമെന്നും ദുരുപയോഗം ചെയ്യുന്നത് തടയാൻ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ കൊണ്ടുവന്നാൽ മതിയെന്നുമാണ് നിയമ കമീഷൻ റിപ്പോർട്ട്. കോളനികാലത്തെ നിയമമെന്ന നിലക്ക് റദ്ദാക്കിയാൽ ഇന്ത്യൻ ശിക്ഷാ നിയമമൊന്നാകെ ഒഴിവാക്കേണ്ടിവരുമെന്ന് കമീഷൻ പറയുന്നു. രാജ്യത്തിന്റെ സ്ഥിരതക്കും സുരക്ഷക്കും നിയമപ്രകാരം സ്ഥാപിതമായ സർക്കാർ നിലനിൽക്കേണ്ടത് ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ ഹിംസയിലൂടെയും നിയമവിരുദ്ധമായും പുറന്തള്ളാൻ നോക്കുന്ന ദേശവിരുദ്ധ ശക്തികൾക്കും വിഘടനവാദികൾക്കുമെതിരെ പ്രയോഗിക്കാൻ ഈ വകുപ്പ് ആവശ്യമാണ്. ശിക്ഷാ കാലയളവ് നിലവിലുള്ള മൂന്ന് വർഷമെന്നത് ഏഴ് വർഷം മുതൽ ജീവപര്യന്തംവരെ ആക്കണമെന്നും ആവശ്യപ്പെട്ടു.
വിവാദവകുപ്പ് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെയോ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയോ ലംഘനമാണെന്ന ആക്ഷേപം കമീഷനില്ല. നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ), ദേശസുരക്ഷാ നിയമം (എൻ.എസ്.എ) നിലവിലുള്ളപ്പോൾ രാജ്യദ്രോഹക്കുറ്റം വേണ്ട എന്ന അഭിപ്രായവും കമീഷൻ തള്ളി. യു.എ.പി.എ ഭീകര - അട്ടിമറി പ്രവർത്തനങ്ങൾ തടയാനുള്ളതാണെങ്കിൽ എൻ.എസ്.എ കരുതൽ തടങ്കലിനുള്ളതാണ്. മറിച്ച് രാജ്യദ്രോഹക്കുറ്റം ജനാധിപത്യ സർക്കാറിനെ ഹിംസാത്മകവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി മറിച്ചിടുന്നത് തടയാനാണ്.
മുൻ കർണാടക ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി ചെയർപേഴ്സനായും മുൻ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരൻ അടക്കമുള്ളവർ മുഴുസമയ അംഗമായും 2022 നവംബർ 10നാണ് കേന്ദ്രം നിയമ കമീഷൻ പുനഃസംഘടിപ്പിച്ചത്.
രാജ്യദ്രോഹം: കുറ്റവും ശിക്ഷയും
(നിയമ കമീഷൻ നിർവചനം)
124 എ (രാജ്യദ്രോഹം): വാക്കാലോ എഴുത്താലോ അടയാളങ്ങളാലോ മറ്റു ദൃശ്യമായ തരത്തിലോ, ഇന്ത്യയിൽ നിയമപ്രകാരം സ്ഥാപിതമായ സർക്കാറിനെതിരെ, അക്രമത്തിനോ ക്രമസമാധാന ലംഘനത്തിനോ പ്രകോപനമാകണമെന്ന പ്രേരണയോടെ വിദ്വേഷമോ നിന്ദയോ കാണിക്കുകയോ, അവയുണ്ടാക്കാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ സർക്കാറിനോട് വിരോധമുണ്ടാക്കാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ പിഴയടക്കം ഏഴ് വർഷം തടവ് മുതൽ ജീവപര്യന്തം തടവു വരെ ശിക്ഷ അനുഭവിക്കണം.
വിശദീകരണം (1): സർക്കാറിനോടുള്ള വിരോധമെന്നാൽ വിധേയത്വമില്ലായ്മയും ശത്രുതയും ഉൾപ്പെടും.
വിശദീകരണം (2): സർക്കാർ നടപടികൾ മാറ്റാനായി നിയമപരമായി സർക്കാറിനെതിരെ വിദ്വേഷമോ നിന്ദയോ വിരോധമോ ക്ഷണിച്ചുവരുത്താൻ ശ്രമിക്കാതെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമാവില്ല.
വിശദീകരണം (3): വിദ്വേഷമോ നിന്ദയോ വിരോധമോ ക്ഷണിച്ചുവരുത്താൻ ശ്രമിക്കാതെ സർക്കാറിന്റെ ഭരണപരമായ നടപടിയോടോ മറ്റു പ്രവർത്തനങ്ങളോടോ വിയോജിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളും രാജ്യദ്രോഹ കുറ്റമാവില്ല.
ദുരുപയോഗം തടയാൻ നടപടിക്രമം
രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗം തടയാൻ 1962ലെ കേദാർനാഥ് സിങ് കേസിലെ സുപ്രീംകോടതി വിധിക്ക് അനുസൃതമായി നടപടിക്രമങ്ങൾ കൊണ്ടുവന്നാൽ മതിയെന്നാണ് കമീഷൻ പറയുന്നത്. സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെക്കുന്നതെന്നും കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.