ദ്വീപിലെ ആദ്യ സമരങ്ങളുടെ അമരക്കാരൻ ചരിത്ര പോരാട്ടത്തിലും നേതൃനിരയിൽ
text_fieldsകൊച്ചി: പതിറ്റാണ്ടുകൾക്ക് മുമ്പ് ലക്ഷദ്വീപിെൻറ മണ്ണിൽ മുഴുവൻ തൊഴിലാളികളും അണിനിരന്ന ഒരു സമരം നടന്നു. അഞ്ച് രൂപ മാത്രമായിരുന്ന കൂലിയിൽ വർധന ആവശ്യപ്പെട്ട് സാധാരണക്കാരെ അണിനിരത്തിയത് അന്നത്തെ കോൺഗ്രസ് സെക്രട്ടറി യു.സി.കെ. തങ്ങളായിരുന്നു. 1966ലെ അതേ സമര നേതാവ് വിപ്ലവമൊട്ടും ചോരാതെ ഇന്ന് ദ്വീപ് ജനതയുടെ നിലനിൽപ്പിെൻറ പോരാട്ടത്തിന് നേതൃത്വമേകുകയാണ്. കക്ഷി രാഷ്ട്രീയ ഭേദെമന്യെ സകലരെയും ഒരുമിപ്പിച്ച സേവ് ലക്ഷദ്വീപ് ഫോറം കൺവീനറായ ഈ എൺപതുകാരനും അന്നപാനീയങ്ങളുപേക്ഷിച്ച് തിങ്കളാഴ്ച ദ്വീപിനായി നിരാഹാരമിരിക്കും.
കേന്ദ്രഭരണ പ്രദേശമായശേഷം നടന്ന ആദ്യ തൊഴിൽ സമരം വർഷങ്ങളോളം നീണ്ടപ്പോൾ അന്നത്തെ അഡ്മിനിസ്ട്രേഷൻ യു.സി.കെ തങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. എം.സി വർമയായിരുന്നു അന്ന് അഡ്മിനിസ്ട്രേറ്ററെന്ന് അദ്ദേഹം ഓർമിക്കുന്നു.
ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപുകാരുടെ തോളിൽ കൈയിട്ട്, അവരുടെ ഭാഷ സംസാരിച്ച് നടന്ന മൂർക്കോത്ത് രാമുണ്ണിയായിരുന്നുവെന്ന് യു.സി.കെ തങ്ങൾ അഭിപ്രായപ്പെടുന്നു. ചുരുക്കം അഡ്മിനിസ്ട്രേറ്റർമാരൊഴികെ എല്ലാവരും ദ്വീപിന് ഗുണമാണ് ചെയ്തത്. അവർക്കൊക്കെ പ്രഫുൽ ഖോദ പട്ടേലിെൻറ ജനവിരുദ്ധ നയങ്ങളിൽ അമർഷമുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റർമാരായ ഉമേഷ് സൈഗൾ, രാജീവ് തൽവാർ, ജഗദീഷ് സാഗർ, വജഹത്ത് ഹബീബുല്ല എന്നിവരുമായി താൻ കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ചു. എല്ലാവരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും യു.സി.കെ തങ്ങൾ 'മാധ്യമ'ത്തോട് പറഞ്ഞു. ലക്ഷദ്വീപ് ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടത്തിൽ താൻ മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
23 വർഷം ലക്ഷദ്വീപ് കോൺഗ്രസ് പ്രസിഡൻറ്, 10 വർഷം ലക്ഷദ്വീപ് ഖാദി ബോർഡ് ചെയർമൻ, 10 വർഷം ലക്ഷദ്വീപ് സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹം കവരത്തി സ്വദേശിയാണ്. ദ്വീപിലെ പ്രമുഖ എഴുത്തുകാരനും ആദ്യപത്രമായിരുന്ന ദ്വീപപ്രഭയുടെ എഡിറ്ററും പബ്ലിഷറുമാണ്. സേവ് ലക്ഷദ്വീപ് ഫോറത്തിെൻറ മറ്റൊരു കൺവീനർ മുൻ എം.പി ഡോ. പൂക്കുഞ്ഞിക്കോയയടക്കം ദ്വീപിലെ നിരവധി പ്രമുഖർ കക്ഷി രാഷ്ട്രീയ പ്രായ ഭേദെമന്യേ തിങ്കളാഴ്ച നിരാഹാരമനുഷ്ഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.