ബൈക്കിൽ പോയ കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ച പുലിയെ കീഴ്പ്പെടുത്തി കൊന്നു
text_fieldsബംഗളൂരു: ബൈക്കിൽ േപാകുന്നതിനിടെ ഭാര്യയെയും മകനെയും ആക്രമിച്ച പുലിയെ കീഴ്പ്പെടുത്തി യുവാവ്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ് ചോരയിൽ കുളിച്ചിരിക്കുന്ന രാജഗോപാൽ നായിക്കിന്റെ വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹാസൻ ജില്ലയിലെ അരസികരെ താലൂക്കിലെ ബന്ദെകെരെ സ്വദേശിയായ രാജഗോപാൽ നായിക്കും ഭാര്യ ചന്ദ്രമ്മയും മകൻ കിരണും ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെയാണ് പുലിയുടെ ആക്രമണമുണ്ടായത്.
റോഡരികിലെ കുറ്റിക്കാട്ടിൽനിന്നും ചാടി വീണ പുലി കിരണിന്റെ കാലിൽ കടിച്ചു. ഇതിനിടയിൽ ചന്ദ്രമ്മയെയും ആക്രമിക്കാൻ ശ്രമിച്ചു. ഭാര്യയെയും മകനെയും രക്ഷിക്കാൻ രാജഗോപാൽ പുലിയുടെ കഴുത്തിൽ പിടിമുറുക്കി. തുടർന്ന് കൈമുട്ടുകൊണ്ട് പുലിയുടെ തലക്കടിച്ചു. രാജഗോപാലിനെയും പുലി ആക്രമിച്ചെങ്കിലും കഴുത്തിലെ പിടിവിട്ടില്ല. ഇതോടെ പുലി ചത്തുവെന്നാണ് പറയപ്പെടുന്നത്. ബഹളം കേട്ടെത്തിയ നാട്ടുകാർ രാജഗോപാലിന് വെള്ളം കൊടുക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. നാട്ടുകാരാണ് തലക്കും മുഖത്തും പരിക്കേറ്റ രാജഗോപാലിനെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം, ഇരുചക്രവാഹനത്തിലെത്തിയ മൂന്നംഗ കുടുംബത്തെ പുലി ആക്രമിക്കുന്നതിനിടെ നാട്ടുകാർ ചേർന്ന് കൊന്നതാണെന്നാണ് ഹാസന് ഡിവിഷന് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.എന്‍. ബസവരാജ് വാർത്താ ഏജൻസിയോട് പറഞ്ഞത്. പുലിയുടെ ദേഹത്ത് മുറിവുകളുള്ളതിനാല്‍ അരിവാള്‍ പോലുള്ള ആയുധങ്ങളുപയോഗിച്ചിട്ടുണ്ടാകാമെന്നും പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, പുലിയിൽനിന്നും സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്തിയ രാജഗോപാൽ നായികിന് കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ. ശിവകുമാർ 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മൈസൂരുവിൽ പുലിയുടെ ആക്രമണത്തിൽനിന്നു 12 വയസ്സുകാരനും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.