തെരഞ്ഞെടുപ്പിലെ പാഠം; അഗ്നിപഥ് പദ്ധതി തിരുത്തിയെഴുതാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കൈപൊള്ളിയതിന് പിന്നാലെ അഗ്നിപഥ് പദ്ധതി തിരുത്തിയെഴുതാൻ കേന്ദ്രസർക്കാർ. സൈന്യത്തിൽ സ്ഥിരപ്പെടുത്തുന്ന ആളുകളുടെ എണ്ണത്തിൽ വർധന വരുത്തുന്നതും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉയർത്തുന്നതുമടക്കം കാര്യങ്ങൾ സർക്കാർ സജീവമായി പരിഗണിക്കുന്നുവെന്നാണ് വിവരം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നഷ്ടമായതിന് പിന്നിൽ അഗ്നിപഥിനെതിരായ പ്രതിഷേധമുണ്ടെന്ന് പാർട്ടി കേന്ദ്രങ്ങൾ വിലയിരുത്തിയിരുന്നു. മൂന്നാം മോദി സർക്കാറിനെ താങ്ങിനിർത്തുന്ന ജെ.ഡി.യു ഉൾപ്പെടെയുള്ള കക്ഷികളും പദ്ധതിയിൽ മാറ്റങ്ങൾക്കായി സമ്മർദം ശക്തമാക്കിയിരുന്നു.
അഗ്നിവീറുകളായി റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ 25 ശതമാനം പേരെ മാത്രമാണ് സൈന്യത്തിൽ സ്ഥിരമാക്കുന്നത്. എന്നാൽ നാലു വർഷത്തിന് ശേഷം സേനയിൽ ആവശ്യമായ അംഗബലം നിലനിർത്താൻ ഇത് അമ്പത് ശതമാനമായി ഉയർത്തേണ്ടതുണ്ടെന്ന് കരസേന ശിപാർശ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് വിവിധ യൂനിറ്റുകളടക്കം തലങ്ങളിൽ അഭിപ്രായശേഖരണവും സർവേയും നടത്തി വിവരങ്ങൾ ഉൾപ്പെടുത്തി കരസേന പ്രതിരോധ മന്ത്രാലയത്തിന് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ശിപാർശകൾ നിലവിൽ വരാൻ കാലതാമസമുണ്ടാവുമെങ്കിലും നിലവിലുള്ള അഗ്നിപഥ് പദ്ധതിയെ കൂടുതൽ മെച്ചപ്പെടുത്താനാവുമെന്നാണ് കരുതുന്നത്.
സേനാംഗങ്ങൾക്ക് പെൻഷനിനത്തിൽ നൽകുന്ന ചെലവ് കുറക്കുന്നതടക്കം ലക്ഷ്യങ്ങളുമായി 2022ലാണ് അഗ്നിപഥ് പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്. അഗ്നിവീർ എന്ന പേരിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പത്ത് ശതമാനം വാർഷിക വർധനയോടെയുള്ള ശമ്പളമാണ് നൽകുന്നത്. നാലു വർഷത്തിന് ശേഷം ഇവരിൽ 75 ശതമാനം പേരെയും പിരിച്ചുവിടും. പിരിയുമ്പോൾ അഗ്നിവീർ കോർപസ് ഫണ്ടിൽനിന്ന് നിശ്ചിത തുക നൽകും. എന്നാൽ സാധാരണ സൈനികർക്ക് ലഭിക്കുന്ന പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ വിരമിക്കുന്ന അഗ്നിവീറുകൾക്ക് ഉണ്ടായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.