വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീയുടെ ജീവനാംശം; വിഷയം സുപ്രീംകോടതിക്കു മുന്നിൽ
text_fieldsന്യൂഡൽഹി: വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടം 125 പ്രകാരം ഇടക്കാല ജീവനാംശത്തിന് അർഹതയുണ്ടോ എന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ.
ക്രിമിനൽ നടപടിച്ചട്ടപ്രകാരം ജീവനാംശം നൽകണമെന്ന തെലങ്കാനയിലെ കുടുംബകോടതി ഉത്തരവ്, അതു ശരിവെച്ച ഹൈകോടതി ഉത്തരവ് എന്നിവയുടെ പശ്ചാത്തലത്തിൽ ഭർത്താവാണ് സുപ്രീംകോടതിയെ സമീപിച്ചത്. അപ്പീൽ ഈ മാസം 19ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മാസി എന്നിവർ ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കും. കോടതിയെ സഹായിക്കാൻ സീനിയർ അഭിഭാഷകൻ ഗൗരവ് അഗർവാളിനെ നിയോഗിച്ചു.
വിവാഹമോചിതയായ സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ട പ്രകാരം പ്രതിമാസം 20,000 രൂപ കൊടുക്കമെന്നാണ് കുടുംബകോടതി വിധിച്ചത്. ഇതിനെതിരെ ഭർത്താവ് ഹൈകോടതിയെ സമീപിച്ചു. മുസ്ലിം വ്യക്തിനിയമപ്രകാരം 2017ൽ വിവാഹമോചനം നേടിയതിന്റെ സാക്ഷ്യപത്രം തെളിവായി ഉണ്ടെന്നും, ഇക്കാര്യം കുടുംബകോടതി പരിഗണിച്ചില്ലെന്നുമായിരുന്നു വാദം.
എന്നാൽ, ഇടക്കാല ജീവനാംശം ഹൈകോടതി സ്റ്റേ ചെയ്തില്ല. പ്രതിമാസം 20,000 രൂപ എന്നത് 10,000 രൂപയായി കുറച്ചു. പരാതി നൽകിയ ദിവസം മുതൽ ജീവനാംശ തുക നൽകണമെന്നും നിർദേശിച്ചു.
പകുതി തുക 2024 ജനുവരി 24നു മുമ്പും ബാക്കി മാർച്ച് 13നകവും നൽകണമെന്നും ഹൈകോടതി നിർദേശിച്ചു. തുടർന്നാണ് ഭർത്താവ് സുപ്രീംകോടതിയിൽ എത്തിയത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ 125ാം വകുപ്പ് ബാധകമാക്കാൻ കഴിയില്ലെന്നാണ് പ്രധാന വാദം.
1985ലെ ഷാബാനു ബീഗം കേസുമായി സാമ്യമുള്ള കേസാണിത്. മുഹമ്മദ് അഹ്മദ്ഖാൻ-ഷാബാനു ബീഗം കേസിൽ ക്രിമിനൽ നടപടിച്ചട്ടം 125 മുസ്ലിം സ്ത്രീക്കും ബാധകമെന്നാണ് മുസ്ലിം വ്യക്തിനിയമം നിലനിൽക്കെ, സുപ്രീംകോടതി വിധിച്ചത്.
ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കോടതി വിധി ദുർബലമാക്കുന്ന വിധം മുസ്ലിം വനിത നിയമം 1986ൽ കൊണ്ടുവന്നു.
വിവാഹമോചനശേഷമുള്ള 90 ദിവസത്തെ ഇദ്ദ കാലയളവിലേക്കു മാത്രമായി ജീവനാംശ അവകാശം ഈ നിയമത്തിലൂടെ പരിമിതപ്പെടുത്തി. ഈ നിയമവും പിന്നീട് പല സന്ദർഭങ്ങളിൽ കോടതികളിൽ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.