കോവിഡ് വന്നവരെ ഒറ്റപ്പെടുത്തി നാട്ടുകാർ; കർണാടകയിലെ ഗ്രാമങ്ങളിൽ ആത്മഹത്യ വർധിക്കുന്നു
text_fieldsബംഗളൂരു: ചാമരാജനഗർ ജില്ലയിലെ മുക്കഹള്ളിയിൽ ആഴ്ചകൾക്ക് മുമ്പ് വരെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു 46കാരനായ മഹാദേവപ്പ. ദിവസവും നിരവധി വീടുകളിൽ പാൽ വിതരണം ചെയ്യുന്നതിനാൽ അദ്ദേഹം ഗ്രാമത്തിൽ ഏറെ പരിചിതനുമായിരുന്നു.
എന്നാൽ, മേയ് 24ന് കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻെറ ജീവിതമാകെ താളംതെറ്റി. പെൺമക്കളായ ജ്യോതി (14), ഗീത (12) എന്നിവരടക്കം അദ്ദേഹത്തിൻെറ കുടുംബാംഗങ്ങളെ ഗ്രാമവാസികൾ പുറത്താക്കി. അദ്ദേഹത്തിൽനിന്ന് പാൽ വാങ്ങുന്നത് നിർത്തി. കൂടാതെ, ഭാര്യ മംഗളമ്മയെ പൊതു ടാപ്പിൽനിന്ന് വെള്ളം എടുക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തു.
ഗ്രാമത്തിലെ ബന്ധുക്കളും സുഹൃത്തുക്കളും തങ്ങളെ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തതോടെ കുടുംബത്തിൻെറ മാനസികനില തെറ്റി. ഒടുവിൽ ജൂൺ രണ്ടിന് മഹാദേവപ്പയും ഭാര്യയും പെൺമക്കളും വീടിൻെറ ഉത്തരത്തിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ചു.
ഇത് കർണാടകയിലെ ഒറ്റപ്പെട്ട സംഭവമല്ല. ഗ്രാമീണർക്കിടയിൽ കോവിഡിനെ സംബന്ധിച്ച അജ്ഞത കാരണം ഇത്തരം സംഭവങ്ങൾ പലയിടത്തും റിപ്പോർട്ടു ചെയ്യുന്നതായി വിദഗ്ധർ പറയുന്നു.
'സാമ്പത്തിക ബാധ്യത കാരണം മഹാദേവപ്പയും കുടുംബവും ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് ഭാഷ്യം. പക്ഷേ, മറ്റൊരു ഗ്രാമത്തിൽ ഭർത്താവിനൊപ്പം താമസിക്കുന്ന മഹാദേവപ്പയുടെ മൂത്തമകളാണ് അവർ അനുഭവിച്ച ദുരവസ്ഥകൾ വെളിപ്പെടുത്തിയത്. മരണത്തിൻെറ ദിവസങ്ങൾക്ക് മുമ്പ് അവരുടെ വേദന മകളുമായി പങ്കുവെച്ചിരുന്നു' -സാമൂഹിക നരവംശശാസ്ത്രജ്ഞയും ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മുൻ പ്രഫസറുമായ എ.ആർ. വാസവി പറയുന്നു.
കർണാടകയിലെ ഉയർന്നജാതിക്കാരായ ലിംഗായത്തുകാരാണ് മഹാദേവപ്പയുടെ കുടുംബം. എന്നാൽ, അതേ വിഭാഗത്തിൽപെട്ടവർ തന്നെ തങ്ങളെ അപമാനിച്ചതിൽ അവർ ഏറെ ദുഃഖിതാരായിരുന്നുവെന്നും മകൾ പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ട മാനഹാനി മൂലം ജീവിതം അവസാനിക്കുന്ന മൂന്നാമത്തെ സംഭവമാണ് ശ്രദ്ധയിൽപ്പെടുന്നതെന്ന് വാസവി പറഞ്ഞു. ചാമരാജനഗറിൽ രണ്ടും മൈസൂരുവിൽ ഒന്നും കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗ്രാമീണ ജില്ലകളിൽ കോവിഡുമായി ബന്ധപ്പെട്ട സാമൂഹിക അപമാനം അതിരുകടക്കുകയാണ്. വിശാലവും സജീവവുമായ ബോധവത്കരണ കാമ്പയിനുകൾ കൊണ്ടുമാത്രമേ ഇതിന് പരിഹാരം കാണാനാകൂവെന്നും വാസവി ചൂണ്ടിക്കാട്ടുന്നു.
ബെല്ലാരി ജില്ലയിലെ അദ്വിമല്ലനകേരി ഗ്രാമത്തിൽ താമസിക്കുന്ന 50കാരനായ ഹനുമന്ദുവും അപമാനം നേരിട്ടതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നത്. കോവിഡ് ബാധിച്ചതിനെതുടർന്ന് വീട്ടിൽ ഐസൊലേഷനിൽ കഴിയവെ, അയൽവാസികൾ ഗ്രാമത്തിലേക്ക് നാശം കൊണ്ടുവന്നുവെന്ന് പറഞ്ഞ് ഇയാളെ ഒറ്റപ്പെടുത്തി. നിർമാണത്തൊഴിലാളിയായ ഇദ്ദേഹം ഒടുവിൽ അപമാനഭാരത്താൽ മേയ് 10ന് ജീവനൊടുക്കുകയായിരുന്നു.
മറ്റ് ജില്ലകളിലും കോവിഡുമായി ബന്ധപ്പെട്ട ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇരകളുടെ കുടുംബാംഗങ്ങൾ ഗ്രാമീണർക്കെതിരെ പരാതി പറയാൻ പേടിക്കുന്നതിനാൽ അവയൊന്നും പുറത്തുവരുന്നില്ല. രോഗികളും അവരുടെ കുടുംബവും നേരിടുന്ന അപമാനങ്ങൾ കോവിഡിനെതിരായ പോരാട്ടത്തിന് വിഘാതം സൃഷ്ടിക്കുന്നതായി ആരോഗ്യ രംഗത്തെ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവനം സാധ്യമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.