ദുരന്ത നിവാരണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി
text_fieldsന്യൂഡൽഹി: വയനാട് വിഷയം ഉയർത്തിയുള്ള പ്രതിപക്ഷ ബഹളത്തിനിടെ ദുരന്തനിവാരണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ അടക്കമുള്ളവർ ഉന്നയിച്ച ഭേദഗതികൾ തള്ളിക്കൊണ്ടാണ് ശബ്ദവോട്ടോടെ സഭ ബിൽ പാസാക്കിയത്.
വയനാട് വിഷയത്തിൽ സർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്നും വൈകാരികമായ വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും മറുപടി പ്രസംഗത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യനാന്ദ റായ് പറഞ്ഞു.
പ്രധാനമന്ത്രി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. വായുസേന അടക്കമുള്ളവരുടെ എല്ലാ സംവിധാനങ്ങളും വയനാട്ടിലക്ക് അയച്ചിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി കഴിഞ്ഞ ദിവസം വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് അമിത് ഷാ നൽകിയ കേരളത്തെ കുറ്റപ്പെടുത്തിയുള്ള മറുപടിയും സഭയിൽ ആവർത്തിച്ചു. മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതിരുന്ന കേരളത്തിൽനിന്നുള്ള അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവെച്ചതിനു ശേഷം സഭയിൽനിന്നും ഇറങ്ങിപ്പോയി. സംസ്ഥാനങ്ങൾക്ക് ഫണ്ട് ലഭിക്കുന്നില്ലെന്ന് വിമർശിച്ച് തമിഴ്നാട്, ബംഗാൾ പ്രതിപക്ഷ എം.പിമാരും ബഹളംവെച്ചു. ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, കെ. രാധാകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, കനിമൊഴി അടക്കം 50പേരാണ് ചർച്ചയിൽ പങ്കെടുത്തത്.
ദുരന്തനിവാരണ ഫണ്ട് ലഭിക്കാൻ പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് സുപ്രീകോടതിയെ സമീപിക്കേണ്ട അവസ്ഥയാണുള്ളതെന്ന് വയനാട് വിഷയം അടക്കം ചൂണ്ടിക്കാട്ടി ഡി.എം.കെ അംഗം കനിമൊഴി പറഞ്ഞു.
വയനാട് വിഷയത്തിൽ കക്ഷി രാഷ്ട്രീയം മറന്ന് കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരും കേന്ദ്രത്തെ കണ്ടിട്ടും യാതൊരു നടപടിയുണ്ടാകുന്നില്ലെന്ന് കെ.രാധാകൃഷ്ണൻ സഭയെ അറിയിച്ചു. കേന്ദ്ര സർക്കാർ ഉത്തരവാദിത്തത്തിൽനിന്നും ഒളിച്ചോടുകയും കേരളത്തെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി കണക്കാക്കി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ഇതു രാഷ്ട്രീയ വിഷയമായി കണക്കാക്കി പുനരധിവാസം വൈകിപ്പിക്കുന്നത് നീതിനിഷേധമാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനം വെറും പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ പ്രത്യേക വകുപ്പാക്കണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.