'മഴയെത്തും മുമ്പെ' ആലംബഹീനരെ രക്ഷിക്കാനുള്ള മിഷന് തുടക്കമായി
text_fieldsമുംബൈ: മഹാനഗരത്തിൻ്റെ നിരാലംബരായി തെരുവോരങ്ങളിൽ കഴിയുന്നവരേ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിൻ്റെ നേതൃത്വത്തിലുള്ള സംഘടിത ശ്രമത്തിന് വ്യാഴാഴ്ച തുടക്കമാകും. നവി മുംബൈ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യം. പനവേൽ മുതൽ ഐരോളി വരെയുള്ള പ്രദേശങ്ങളിൽ തെരുവിൽ കഴിയുന്ന നൂറ്റിയിരുപതോളം പേരെ രക്ഷിക്കാനാണ് പദ്ധതി.
മഴക്കാല രക്ഷാപ്രവർത്തനം പ്രയാസകരവും, അസുഖ ബാധിതരായവരുടെ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുന്നത് കണ്ടുമാണ് മഴക്കുമുമ്പേ അവരുടെ രക്ഷാ ദൗത്യത്തിന് മുംബൈ ഒരുങ്ങുന്നത്. നവി മുംബൈ പൊലീസിൻ്റെ മുഴുവൻ സമയ സഹായവും പദ്ധതിക്കുണ്ട്.
'മഴയെത്തും മുമ്പേ' എന്ന പേരിൽ 'സീലി'ൻ്റെ സന്നദ്ധ പ്രവർത്തകരും മുംബൈയിലെ സാമൂഹിക - സാംസ്കാരിക പ്രവർത്തകരും കൈ കോർത്താണ് രക്ഷാപ്രവർത്തനം. തെരുവോരങ്ങളിൽ നിന്ന് കണ്ടെത്തുന്നവരെ പുനരധിവസിപ്പിച്ച് ഒടുവിൽ അവരുടെ കുടുംബങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.
ഭിക്ഷാടകരേയും തെരുവിൽ കഴിയുന്ന സാമൂഹിക വിരുദ്ധരേയും ഈ പദ്ധതിയിൽ ഉൾപെടുത്തില്ല.
പനവേലിലെ സീൽ ആശ്രമത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എ. സി. പി മിലിന്ദ് വാഘ്മാരെ, പനവേൽ ഡിവിഷൻ എസിപി അശോക് രാജ്പുത്, പനവേൽ താലൂക്ക്അ സീനിയർ ഇൻസ്‌പെക്ടർ അനിൽ പാട്ടിൽ, സീനിയർ ഇൻസ്പെക്ടർ പ്രിഥ്വിരാജ് ഗോർപഡെ, മഹാരാഷ്ട്ര മൈനോറിറ്റി കമ്മീഷൻ മുൻ അധ്യക്ഷൻ ഡോ എബ്രഹാം മത്തായി, സാമൂഹിക പ്രവർത്തക ലൈജി വർഗ്ഗീസ് , കെ എം ഫിലിപ്പ്, പാസ്റ്റർ ബിജു (സീൽ ആശ്രമം) എന്നിവർ സംസാരിച്ചു. രക്ഷാദൗത്യ ശ്രമങ്ങളുടെ ഫ്ളാഗ് ഓഫ് അശോക് രജ്പുട്ടിൻ്റേയും എബ്രഹാം മത്തായിയുടേയും നേതൃത്വത്തിൽ നിർവ്വഹിച്ചു.
നവി മുംബൈയിലെ സമാജങ്ങളും സാംസ്ക്കാരിക കൂട്ടായ്മയകളും പ്രദേശങ്ങൾ തിരിച്ച് അന്വേഷണ, രക്ഷാ, പുനരധിവാസ ശ്രമങ്ങളിൽ പങ്കാളികളാവുമെന്ന് കെ എം ഫിലിപ്പ് പറഞ്ഞു.
ഇതു വരെ വീടുകളിൽ തിരികെയെത്തിച്ചത് അഞ്ഞൂറോളം പേരെയാണെന്നും മഴയത്തുള്ള രക്ഷാപ്രവർത്തനത്തിനിടെ രോഗികൾ മരണത്തിന് കീഴടങ്ങുന്നത് വേദനയോടെ കാണേണ്ടി വന്നതുകൊണ്ടാണ് 'മഴയെത്തും മുമ്പെ ' എന്ന ആശയമുദിച്ചതെന്നും ലൈജി പറഞ്ഞു.
അശരണരരെ സീൽ ആശ്രമത്തിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളെകണ്ടെത്തി ഏല്‍പ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങളുടെ ഏകോപനമെന്ന് സീലിലെ പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു. എം ജി എം ആശുപത്രിയുമായി സഹകരിച്ചാണ് ഇത്തവണത്തെ രക്ഷാദൗത്യങ്ങൾ.
'മഴയെത്തും മുമ്പെ 'യുടെ സന്നദ്ധ പ്രവർത്തകരെ വിളിക്കേണ്ട നമ്പറുകൾ:
പാസ്റ്റർ ബിജു 9321253899
ജൈനമ്മ 8108688029
ലൈജി വർഗീസ് 9820075404
സീൽ ഓഫീസ് 9137424571
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.