മൊബൈൽ ടവർ മോഷ്ടിച്ച് കഷ്ണങ്ങളാക്കി ട്രക്കിൽ കടത്തി; ആക്രിക്കടയിൽ വിറ്റത് 6.40 ലക്ഷം രൂപക്ക്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മൊബൈൽ ടവർ മോഷ്ടിച്ച് 6.40 ലക്ഷം രൂപയ്ക്ക് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ മൂന്നംഗ സംഘം പൊലീസ് പിടിയിൽ. കൂടുതൽ പേർ മോഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നതിനാൽ അന്വേഷണം തുടരുകയാണെന്ന് വിരുദുനഗർ പൊലീസ് പറഞ്ഞു. സേലം ജില്ലയിലെ വാഴപ്പാടിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ടവർ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ചുമതലയുള്ളയാളോട് സ്വകാര്യ മൊബൈൽ കമ്പനിയുടെ പ്രതിനിധികളാണെന്ന വ്യാജേനയാണ് ഇവർ പെരുമാറിയത്. തുടർന്ന്, വ്യാജ രേഖകൾ ഹാജരാക്കിയ ശേഷം ടവർ തകർക്കുകയായിരുന്നു. ടവർ പരിപാലിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാർ മോഷണം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 2000ൽ സുബ്രഹ്മണ്യം എന്നയാളുടെ സ്ഥലത്താണ് എയർസെൽ കമ്പനി ടവർ പണിതത്. ഇൗറോഡിലെ വാഴപ്പാടിയിലുള്ള സുബ്രഹ്മണ്യന്റെ ഇൗ സ്ഥലം മറ്റൊരാൾ പരിപാലിച്ചു വരികയായിരുന്നു. 2017 വരെ എയർസെൽ കമ്പനി സ്ഥല ഉടമക്ക് വാടകയും നൽകിയിരുന്നു. അതിനുശേഷം ജി.ടി.എൽ എന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പ് ടവർ സ്വന്തമാക്കി. 2019 വരെ ഇവർ വാടകയും അടച്ചു.
എയർസെല്ലിലെ മുൻ ജീവനക്കാരനായ ഷൺമുഖമാണ് പദ്ധതിയുടെ സൂത്രധാരനെന്ന് പൊലീസ് ഇൻസ്പെക്ടർ ശങ്കർ പറഞ്ഞു. രണ്ട് ദിവസംകൊണ്ടാണ് സംഘം ടവർ പൊളിച്ച് കഷ്ണങ്ങളാക്കി ട്രക്കിൽ കടത്തിയത്. ഒരു മാസത്തോളമെടുത്താണ് ഇവർ മോഷണം ആസൂത്രണം ചെയ്തതെന്നും ഇൻസ്പെക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.