‘മോദിഭരണം രാജ്യത്തെ നെടുനീളെ പിളർത്തി’; ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ രണ്ടാംഭാഗം പറയുന്നു
text_fieldsലണ്ടൻ: 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് എടുത്തുകാട്ടുന്ന ‘ബി.ബി.സി -ടു’ ചാനലിന്റെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയുടെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം കഴിഞ്ഞദിവസം സംപ്രേഷണം ചെയ്തു. പ്രധാനമന്ത്രിയായതിൽ പിന്നെ മോദിയും ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷവും തമ്മിലുള്ള ബന്ധം വഷളായതെങ്ങനെയെന്ന് വിലയിരുത്താനാണ് തങ്ങളുടെ ശ്രമമെന്ന് ബി.ബി.സി പറയുന്നു. ആൾക്കൂട്ടക്കൊല, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, അസമിലെ ദേശീയ പൗരത്വപ്പട്ടിക, പൗരത്വഭേദഗതി നിയമം, വടക്കുകിഴക്കൻ ഡൽഹിയിലെ വംശീയകലാപം എന്നിവയിലേക്ക് ഡോക്യുമെന്ററി ശ്രദ്ധക്ഷണിക്കുന്നു. വികസനത്തിന്റെ പുതുയുഗം, പുതിയ ഇന്ത്യ തുടങ്ങിയ വാഗ്ദാനങ്ങൾ മോദി നൽകിയെങ്കിലും അദ്ദേഹത്തിന്റെ ഭരണത്തിനുകീഴിൽ രാജ്യം വംശീയ പ്രശ്നങ്ങളിൽപെട്ടു എന്ന് ഡോക്യുമെന്‍ററി വിശദീകരിക്കുന്നു.
ആൾക്കൂട്ട ആക്രമണങ്ങൾ
2014ൽ മോദി അധികാരമേറ്റ് മൂന്ന് വർഷം കഴിഞ്ഞപ്പോൾ മുസ്‍ലിംകൾക്കെതിരെ വൻതോതിൽ ആൾക്കൂട്ട ആക്രമണങ്ങളുണ്ടായി. ഉപജീവനത്തിനുവേണ്ടി കാലികളെ കടത്തുന്നത് വലിയ പ്രശ്നമായി മാറി. വിവിധ സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം വന്നു. ‘ഗോരക്ഷ’ ഗുണ്ടകൾ 2017ൽ കൊലചെയ്ത ആലിമുദ്ദീൻ അൻസാരിയുടെ കഥ ഡോക്യുമെന്‍ററിയിലുണ്ട്. ദീർഘനാളത്തെ മൗനത്തിനുശേഷം മോദി പ്രതികരിച്ച ദിനമായിരുന്നു ആലിമുദ്ദീന്‍റെ കൊല. കൊലയിൽ ബി.ജെ.പി നേതാവായ നിത്യാനന്ദ് മഹാതോ ജീവപര്യന്തം ശിക്ഷക്ക് അർഹനായി. എന്നാൽ, അയാളെ മോദിമന്ത്രിസഭയിലെ ഒരംഗം കൈയയച്ച് സഹായിച്ചു. ‘ഗോരക്ഷ’ ഗുണ്ടകളുടെ ആക്രമണത്തിൽ 2015 മേയിലും 2018 ഡിസംബറിനുമിടയിൽ 44 പേർ കൊല്ലപ്പെട്ടതായി ‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’ വെളിപ്പെടുത്തി. സംഭവങ്ങളിൽ 280ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ ഭൂരിഭാഗവും മുസ്‍ലിംകളാണ്. ഇന്ത്യയുടെ സംവിധാനങ്ങളെല്ലാം ഹിന്ദുവത്കരിക്കുകയും രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സ്വഭാവം മാറ്റിത്തീർക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാന ലക്ഷ്യമെന്ന് സ്കോട്ട്ലൻഡ് സെന്റ് ആൻഡ്രൂസ് സർവകലാശാല അസോ. പ്രഫസറും ഇന്ത്യൻരാഷ്ട്രീയ വിദഗ്ധനുമായ ക്രിസ് ഓഗ്ഡെൻ അഭിപ്രായപ്പെട്ടു.
370ാം അനുച്ഛേദം
മോദി രണ്ടാമത് അധികാരമേറ്റ് ഒമ്പതാഴ്ച കഴിയുമ്പോഴാണ് കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചത്. ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും തടഞ്ഞു. പ്രതിഷേധങ്ങൾ അടിച്ചമർത്തി. ആദ്യമാസം മാത്രം നാലായിരത്തോളം പേരെ തടവിലാക്കി. ഈ നയങ്ങൾവഴി, പുതിയൊരുതരം ‘ഇന്ത്യാവത്കരണം’ ആണ് നടപ്പാക്കുന്നതെന്ന് ഇന്ത്യ, ദക്ഷിണേഷ്യ വിദഗ്ധനായ രാഷ്ട്രീയവിശാരദൻ ക്രിസ്റ്റോഫ് ജെഫ്രലോട്ട് പറഞ്ഞു.
പൗരത്വഭേദഗതി, ഡൽഹി കലാപം
മതവും പൗരത്വവും ബന്ധിപ്പിക്കാനുള്ള ശ്രമത്തിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നു. പ്രതിഷേധക്കാർക്കെതിരെ തീവ്രഹിന്ദുത്വ നേതാക്കൾ ഭീഷണിയുയർത്തി. 2020 ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടു. ഫൈസാൻ എന്ന 23കാരൻ പൊലീസിന്റെ അടിയേറ്റ് മരിച്ചു. ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട മൂന്നിൽ രണ്ടുപേരും മുസ്‍ലിംകളായിരുന്നു. പ്രതിഷേധക്കാർക്കുനേരെ പൊലീസ് ഗുരുതര മനുഷ്യാവകാശ ലംഘനം നടത്തിയതും മൂന്നാംമുറ പ്രയോഗിച്ചതും ‘ആംനസ്റ്റി ഇന്റർനാഷനലി’നെ ഉദ്ധരിച്ച് ഡോക്യുമെന്ററി വിശദീകരിച്ചു. ‘ഈ നടക്കുന്നകാര്യങ്ങൾ എല്ലാവരും അംഗീകരിക്കുന്നില്ല എന്നതിന് ഒരുരേഖയാവട്ടെ എന്ന് കരുതിയാണ് ഡോക്യുമെന്ററിയിൽ സംസാരിക്കുന്നതെന്നും സഹായത്തിന് ആരും വരാനില്ലാത്തതിനാൽ ഇത് സഹായാഭ്യർഥനയൊന്നുമല്ലെന്നും’ എഴുത്തുകാരി അരുന്ധതി റോയ് പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകാത്തത് എന്തുകൊണ്ട് എന്നചോദ്യത്തിന് ജെഫ്രലോട്ടിന്‍റെ മറുപടി ഇങ്ങനെ: ‘ പടിഞ്ഞാറൻ രാജ്യങ്ങൾ ചൈനയുമായുള്ള ബാലൻസ് ഒപ്പിക്കാൻ കാണുന്നത് ഇന്ത്യയെയാണ്. ചൈന വെല്ലുവിളിയായി നിൽക്കുമ്പോൾ മനുഷ്യാവകാശമൊന്നും പരിഗണനയാകില്ല’.
തൊഴിലിന്റെ ഭാഗമായി മാധ്യമപ്രവർത്തകർ ആക്രമണവും ഭീഷണിപ്പെടുത്തലും അറസ്റ്റും നേരിടേണ്ടിവരുന്നു. 2015നുശേഷം ആയിരക്കണക്കിന് സർക്കാറിതര സംഘടനകൾക്കും പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നുവെന്നും ഡോക്യുമെന്ററി വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.