മണിപ്പുരിലെ തീ ഹരിയാനയിലെ നൂഹ് വരെ എത്തിച്ചു; മോദി സര്‍ക്കാറിനെതിരെ മല്ലികാർജുൻ ഖാർഗെ
text_fieldsഹൈദരാബാദ്: ബി.ജെ.പി എരിതീയിൽ എണ്ണ ഒഴുകിക്കുകയാണെന്നും രാജ്യത്തെ അക്രമ സംഭവങ്ങൾ ഇന്ത്യയുടെ പുരോഗമനവും മതേതരവുമായ പ്രതിച്ഛായ തകർത്തു കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂരിൽ ഇപ്പോഴും അരങ്ങേറുന്ന ദാരുണമായ സംഭവങ്ങൾക്ക് രാജ്യം മുഴുവൻ സാക്ഷിയാണ് മണിപ്പുരിലെ തീ ഹരിയാനയിലെ നൂഹ് വരെ മോദി സര്‍ക്കാര്‍ എത്തിച്ചെന്നും ഖാർഗെ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രഥമ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുതരമായ ആഭ്യന്തര വെല്ലുവിളികളാണ് രാജ്യം അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ അപകടാവസ്ഥയിലാണ്. പ്രധാന പ്രശ്നങ്ങളെ ആത്മനിര്‍ഭര്‍ ഭാരത്, അമൃത്കാല്‍ തുടങ്ങിയ പൊള്ളയായ മുദ്രാവാക്യങ്ങള്‍ കൊണ്ട് മൂടാനാണ് ശ്രമിക്കുന്നതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
അടിസ്ഥാന വിഷയങ്ങളിൽ ഇൻഡ്യ സഖ്യത്തിലെ 27 പാർട്ടികൾ ഒരുമിച്ച് നിൽക്കുകയാണ്. സഖ്യത്തിന്‍റെ മൂന്ന് യോഗങ്ങൾ വിജയകരമായിരുന്നു. ജനവിരുദ്ധ, ജനാധിപത്യ വിരുദ്ധ ബി.ജെ.പി സർക്കാറിനെതിരെ പോരാടാൻ സഖ്യത്തിലെ പാർട്ടികൾ തയാറാണ്. സഖ്യത്തിൽ അസ്വസ്ഥരായ ബി.ജെ.പി സർക്കാർ പ്രതിപക്ഷ പാർട്ടികൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുകയാണ്.
സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങൾക്ക് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷ്യസുരക്ഷ എന്നിവക്കുള്ള അവകാശം ഉറപ്പാക്കാൻ ജാതി സർവേക്കൊപ്പം സെൻസസ് പ്രക്രിയ ഉടൻ ആരംഭിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.