ഒന്നര ലക്ഷത്തിന് കുഞ്ഞിനെ വിറ്റ മാതാവും കൂട്ടാളികളും അറസ്റ്റിൽ
text_fieldsബംഗളൂരു: ഒന്നര ലക്ഷം രൂപക്ക് സ്വന്തം കുഞ്ഞിനെ വിറ്റ മാതാവിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രാമനഗര ജില്ലയിലെ യാറബ് നഗറിൽ സദ്ദാം പാഷയുടെ ഭാര്യ നസ്രീൻ താജാണ് (26) അറസ്റ്റിലായത്.
കുഞ്ഞിന്റെ പിതാവിന്റെ പരാതിയിലാണ് നടപടി. ആറ് വർഷം മുമ്പാണ് സദ്ദാം പാഷയും നസ്രീൻ താജും വിവാഹിതരായത്. തീപ്പെട്ടി കമ്പനി തൊഴിലാളിയാണ് സദ്ദാം. ഇരട്ട കുട്ടികള്‍ അടക്കം നാല് മക്കളാണ് ദമ്പതികള്‍ക്ക്. വില്‍പന നടത്തിയ കുഞ്ഞിന് ഒരുമാസമാണ് പ്രായം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കുടുംബത്തെ അലട്ടിയിരുന്നു. ഇതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം അഞ്ചിന് സദ്ദാം ജോലിക്ക് പോയ സമയത്താണ് നസ്രീൻ ഇടനിലക്കാരായ അസ്ലമിന്റെയും ഫാഹിമയുടെയും സഹായത്തോടെ ബംഗളൂരു സ്വദേശിക്ക് കുഞ്ഞിനെ കൈമാറിയത്. ഒന്നരലക്ഷം രൂപക്കാണ് ഇടപാട്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സദ്ദാം കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സുഖമില്ലെന്നും ബന്ധുക്കള്‍ കൊണ്ടുപോയെന്നും നസ്രീൻ കള്ളം പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ സദ്ദാം പൊലീസിൽ പരാതി നൽകുന്നത്. ഇരുവരും തമ്മിലുള്ള വഴക്കിനിടെ തലക്ക് പരിക്കേറ്റ സദ്ദാം ആശുപത്രിയില്‍ ചികിത്സ തേടി. നസ്രീൻ താജ്, ഇടനിലക്കാരായ അസ്ലം, തരണം സുല്‍ത്താൻ, ഷാസിയ ബാനു എന്നിവരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.