എം.പിമാരെ കൈയേറ്റം ചെയ്തിട്ടില്ല, പാർലമെന്‍റിലേക്ക് മാർച്ച് നടത്തിയവരെ തടഞ്ഞെന്ന് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസ്. എം.പിമാരെ കൈയേറ്റം ചെയ്തിട്ടില്ലെന്ന് ഡൽഹി പൊലീസ് വിശദീകരിച്ചു.
എം.പിമാർ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ തയാറായില്ല. മുദ്രാവാക്യം വിളിച്ച് പാർലമെന്‍റിലേക്ക് മാർച്ച് നടത്തിയവരെ തടയുകയാണ് ചെയ്തതെന്നും ഡൽഹി പൊലീസ് അറിയിച്ചു.
അതേസമയം, കൈയേറ്റം ചെയ്ത സംഭവത്തിൽ മാപ്പ് പറയാമെന്ന് ഡൽഹി പൊലീസിന്‍റെ നിലപാട് യു.ഡി.എഫ് എം.പിമാർ തള്ളി. അവകാശലംഘനത്തിനെതിരെ ലോക്സഭ സ്പീക്കർക്ക് പരാതി നൽകുമെന്ന് എം.പിമാർ അറിയിച്ചു.
കെ റെയിൽ പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർക്ക് നേരെയാണ് ഡൽഹി പൊലീസിന്‍റെ ആക്രമണം നടന്നത്. എം.പിമാരായ ഹൈബി ഈഡന്റെ മുഖത്തടിക്കുകയും ടി.എൻ പ്രതാപനെ പിടിച്ചു തള്ളുകയും ചെയ്തു. രമ്യ ഹരിദാസിനെ പുരുഷ പൊലീസുകാർ കൈപിടിച്ചു വലിക്കുകയും ചെയ്തു.
എം.പിമാരാണെന്ന ഐ.ഡി കാർഡ് കാണിച്ചിട്ടും ഇവരെ വെറുതെ വിട്ടില്ല. ഇ.ടി. മുഹമ്മദ് ബഷീർ, ആന്റോ ആന്റണി, രമ്യ ഹരിദാസ്, കെ. മുരളീധരൻ, ബെന്നി ബഹനാൻ തുടങ്ങിയവർക്ക് നേരെയും കൈയേറ്റം നടന്നു.
കെ. റെയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിജയ്ചൗക്കിൽ മാധ്യമങ്ങളെ കണ്ടശേഷം പാർലമെന്റിലേക്ക് നടന്നു പോകവേ പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. കൈയിൽ പ്ലക്കാർഡുകളുമായി പോവുകയായിരുന്ന എം.പിമാരെ പൊലീസുകാർ കായികമായി നേരിട്ടു. തങ്ങൾ എം.പിമാരാണെന്നും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയാണെന്നും അറിയിച്ചെങ്കിലും പൊലീസ് അക്രമം അവസാനിപ്പിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.