പേരുമാറ്റം ഔദ്യോഗികമായി; ഔറംഗബാദ് ഇനി ഛത്രപതി സംഭാജിനഗർ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേര് മാറ്റാനുള്ള നടപടികൾ ഔദ്യോഗികമായി പൂർത്തിയായി. ഇനി മുതൽ യഥാക്രമം ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെ സ്ഥലങ്ങൾ അറിയപ്പെടുമെന്ന് അധികൃതർ അറിയിച്ചു. മറാത്ത് വാഡ മേഖലയിൽ സ്ഥിതി ചെയ്യുന്ന രണ്ട് ജില്ലകളുടെയും പേരുമാറ്റം സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാർ നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകൾ പുനർനാമകരണം ചെയ്യാനുള്ള പ്രാരംഭ നടപടികൾ 2022 ജൂൺ 29 ന് അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ നടന്ന മഹാ വികാസ് അഘാഡി സർക്കാരിന്റെ അവസാന കാബിനറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ രാജിക്ക് തൊട്ടുമുമ്പ് അംഗീകരിച്ച പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു പേരുമാറ്റം.
നിലവിലെ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ 2022 ജൂലൈയിൽ പുനർനാമകരണം ചെയ്യാൻ അനുമതി നൽകി. മാസങ്ങൾക്ക് മുമ്പ് സമർപ്പിച്ച നിർദ്ദേശങ്ങളുടെയും എതിർപ്പുകളുടെയും അവലോകനത്തെത്തുടർന്ന്, സബ് ഡിവിഷനുകൾ, വില്ലേജുകൾ, താലൂക്കുകൾ, ജില്ലകൾ എന്നിവയുൾപ്പെടെ വിവിധ ഭരണ തലങ്ങളിൽ ഈ മാറ്റങ്ങൾ നടപ്പിലാക്കാനുള്ള തീരുമാനം അംഗീകരിച്ചു. അതിനിടെ, ഈ വർഷം ഫെബ്രുവരിയിൽ രണ്ട് ജില്ലകളുടെയും പേരുമാറ്റത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.