കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പേര് വെളിപ്പെടുത്തി; പുലിവാൽ പിടിച്ച് തൃണമൂൽ എം.പി
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി.ജി ഡോക്ടറുടെ പേര് വെളിപ്പെടുത്തി പുലിവാൽ പിടിച്ച് തൃണമൂൽ വനിത എം.പി. നടി കൂടിയായ രചന ബാനർജിക്കെതിരെയാണ് പരാതിയുയർന്നത്. സംഭവത്തെ അപലപിച്ച് രചന സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയുടെ അവസാന ഭാഗത്താണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഇത് വിവാദമാവുകയും ഉടൻ നടപടി ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈകോടതിയിലെ അഭിഭാഷകൻ ഷയാൻ സചിൻ ബസു പരാതി നൽകുകയും ചെയ്തതോടെ രചന മാപ്പ് പറയുകയും വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
‘അത് തീർച്ചയായും എന്റെ ഭാഗത്തു നിന്നുള്ള വലിയ തെറ്റായിരുന്നു. ഞാനത് ചെയ്യാൻ പാടില്ലായിരുന്നു. വിഡിയോ ചെയ്യുന്ന നിമിഷം ഞാൻ വളരെ ദുഃഖിതയും വികാരഭരിതയുമായിരുന്നു. ഞാൻ പറയുന്ന എല്ലാ വാക്കുകളും എന്റെ ഹൃദയത്തിൽ നിന്നുള്ളതായിരുന്നു. സ്വാഭാവികമായും വികാരത്തോടൊപ്പം ആ പേര് എന്റെ മനസ്സിൽ വരുകയും പറയുകയുമായിരുന്നു’ -രചന ബാനർജി വിശദീകരിച്ചു.
ആഗസ്റ്റ് ഒമ്പതിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൊലപാതകം. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് 31കാരിയായ ഡോക്ടറെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാജ്യവ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി ബംഗാൾ സർക്കാറിനെതിരെ സമ്മർദം ശക്തമാകുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും.
ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാജ്യത്തുടനീളം ഡോക്ടർമാർ പണിമുടക്കിയിരുന്നു. നിലവിൽ സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന സഞ്ജയ് റോയി എന്നയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.