ശ്രീലങ്കൻ പ്രതിസന്ധി: രാമേശ്വരത്ത് വീണ്ടും അഭയാർഥികൾ
text_fieldsചെന്നൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്ന് മൂന്നു കുട്ടികളും ഏഴു സ്ത്രീകളും ഉൾപ്പെടെ 19 തമിഴ് അഭയാർഥികൾ കൂടി രാമേശ്വരത്ത് എത്തി. ഞായറാഴ്ച പുലർച്ച ധനുഷ്കോടിയിലെ അരിച്ചൽമുനൈ മണൽത്തിട്ടയിലാണ് ജാഫ്ന, തലൈമാന്നാർ സ്വദേശികളായ അഞ്ച് കുടുംബങ്ങളിൽനിന്നുള്ള അഭയാർഥികളെ കണ്ടെത്തിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും തമിഴ്നാട് മറൈൻ പൊലീസും ചേർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് മണ്ഡപം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു. രണ്ടു മത്സ്യബന്ധന ബോട്ടുകളിലായാണ് അഭയാർഥികൾ ഇന്ത്യൻ തീരത്ത് എത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് മണ്ഡപത്തിലെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി. ശനിയാഴ്ച രാമേശ്വരത്ത് എത്തിയ ദമ്പതികളും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ മണ്ഡപം ക്യാമ്പിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇതേവരെ 39 ശ്രീലങ്കൻ തമിഴ് അഭയാർഥികളാണ് ഇന്ത്യൻ തീരത്ത് എത്തിയത്. വരും ദിവസങ്ങളിൽ അഭയാർഥി പ്രവാഹം ശക്തിപ്പെടുമെന്നാണ് സൂചന. ഇവരോട് ഉദാര സമീപനം കൈക്കൊള്ളാനാണ് തമിഴ്നാട് സർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.