രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം പെരുകി; 16 മാസത്തെ ഏറ്റവും ഉയർന്ന നില
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ തൊഴിലില്ലാത്തവരുടെ എണ്ണം പെരുകുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 8.3 ശതമാനമായി ഉയർന്നു. 16 മാസത്തെ ഏറ്റവും ഉയർന്ന നിലയാണിത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സി.എം.ഐ.ഇ) ആണ് കണക്ക് പുറത്തുവിട്ടത്. നവംബറിൽ എട്ട് ശതമാനമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 8.96ൽ നിന്ന് 10.09 ശതമാനമായി ഉയർന്നപ്പോൾ ഗ്രാമീണമേഖലയിൽ 7.55 ശതമാനത്തിൽനിന്ന് 7.44 ശതമാനമായി കുറഞ്ഞു.
ഹരിയാനയാണ് തൊഴിലില്ലായ്മയിൽ മുന്നിൽ- 37.4 ശതമാനം. ഒഡിഷയിലാണ് ഏറ്റവും കുറവ്- 0.9 ശതമാനം. കൂടാതെ, ഡൽഹി അടക്കം ഏഴ് സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ നിരക്ക് ഇരട്ട അക്കമാണ്. ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള അഞ്ച് സംസ്ഥാനങ്ങളിൽപെട്ടത് ഹരിയാന കൂടാതെ രാജസ്ഥാൻ 28.5, ഡൽഹി 20.8, ബിഹാർ 19.1, ഝാർഖണ്ഡ് 18 എന്നിവയാണ്. ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒഡിഷക്ക് പുറമെ മഹാരാഷ്ട്ര 3.1, മേഘാലയ 2.7, കർണാടക 2.5, ഗുജറാത്ത് 2.3 എന്നിവയാണ്. കേരളത്തിൽ 7.4 ശതമാനമാണ്
തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി ജൂലൈ-സെപ്റ്റംബർ പാദത്തിൽ കുറഞ്ഞതായാണ് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻ.എസ്.ഒ) നവംബറിൽ പുറത്തിറക്കിയ ത്രൈമാസ കണക്കുകൾ പറയുന്നത്. തൊഴിൽ പങ്കാളിത്ത നിരക്ക് 40.48 ശതമാനമായി ഉയർന്നതിനാൽ തൊഴിലില്ലായ്മ നിരക്കിലെ വർധനയിൽ കുഴപ്പമില്ലെന്ന് സി.എം.ഐ.ഇ എം.ഡി മഹേഷ് വ്യാസ് പറഞ്ഞു. 12 മാസത്തിനിടയിലെ ഏറ്റവും ഉയർന്നതാണിത്. അതുപോലെ ഡിസംബറിലെ തൊഴിൽനിരക്ക് 37.1 ശതമാനമായി കൂടി. ഇത് 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് 2024ൽ നടക്കാനിരിക്കെ പണപ്പെരുപ്പം പിടിച്ചുനിർത്തുകയും ദശലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് മോദി സർക്കാറിന് മുന്നിലുള്ള വെല്ലുവിളി. അതിനിടെ ഉയർന്ന വില, തൊഴിലില്ലായ്മ, ബി.ജെ.പിയുടെ ‘വിഭജന രാഷ്ട്രീയം’ തുടങ്ങിയ വിഷയങ്ങളിൽ പൊതുജനാഭിപ്രായം സ്വരൂപിക്കാനാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര. മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ചയിൽനിന്ന് തൊഴിൽ, യുവാക്കളുടെ വൈദഗ്ധ്യം, കയറ്റുമതി സാധ്യതകളുള്ള ഉൽപാദനശേഷി വളർച്ചയിലേക്ക് ഇന്ത്യ മാറേണ്ടതുണ്ടെന്ന് 3500 കിലോമീറ്റർ കാൽനട ജാഥ നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.