പഴയ മന്ദിരം ഇനി ഭരണഘടന മന്ദിരം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പഴയ പാർലമെന്റ് മന്ദിരം ഇനി സംവിധാൻ സദൻ (ഭരണഘടന മന്ദിരം) എന്നറിയപ്പെടും. പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചൊവ്വാഴ്ച രാവിലെ നടന്ന ഇരുസഭകളുടെയും അവസാന സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പഴയ പാർലമെന്റ് മന്ദിരത്തിന് സംവിധാൻ സദൻ എന്ന് നാമകരണം ചെയ്തത്.
നിലവിലെ കെട്ടിടത്തിന്റെ മഹത്വവും അന്തസ്സും എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും പഴയ പാർലമെന്റ് മന്ദിരമെന്ന നിലയിലേക്ക് തരംതാഴ്ത്തരുതെന്നും മോദി പറഞ്ഞു.
ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തോടെയാണ് നാം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകുന്നത്. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ലോകം വിശ്വസിക്കുന്നു. ഇന്ത്യയുടെ അഭിലാഷങ്ങള്‍ ഉള്‍ക്കൊണ്ടാകണം പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടതെന്നും സെൻട്രൽ ഹാളിൽ നടന്ന പ്രസംഗത്തിൽ മോദി വ്യക്തമാക്കി.
1952 മുതല്‍ 41 രാഷ്ട്രത്തലവന്മാര് സെന്‍ട്രല്‍ ഹാളില്‍ എം.പിമാരെ അഭിസംബോധന ചെയ്തിട്ടുണ്ട്. ഏഴു പതിറ്റാണ്ടിനിടെ 4,000ത്തിലധികം നിയമങ്ങള്‍ പാസാക്കി. പുതിയ നിയമങ്ങൾ രൂപവത്കരിക്കുകയും കാലഹരണപ്പെട്ടവ ഒഴിവാക്കുകയും ചെയ്യുന്നത് പാർലമെന്റ് അംഗങ്ങളുടെ പരമോന്നത ഉത്തരവാദിത്തമാണ്. ഇവിടെ എന്ത് പരിഷ്കാരങ്ങള്‍ വരുത്തിയാലും അത് രാജ്യനന്മക്കാകണം.
ആർട്ടിക്ൾ 370 റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമായിരുന്നു. കശ്മീര്‍ ഇന്ന് സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലാണ്. മുത്തലാഖ് നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, ബാങ്കിങ് സർവിസ് കമീഷൻ ബിൽ, ഭീകരവാദത്തിനെതിരെ പോരാടുന്നതിനുള്ള നിയമങ്ങൾ, ട്രാന്‍സ്ജെന്‍ഡേഴ്സിന് നീതി ലഭ്യമാക്കുന്ന നിയമങ്ങളടക്കം പാർലമെന്റ് പാസാക്കിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.