'അന്വേഷണ ഏജൻസി ദുരുപയോഗം തടയാൻ ഇടപെടണം'; പുതിയ രാഷ്ട്രപതിക്ക് പ്രതിപക്ഷത്തിന്റെ ആദ്യ പരാതി
text_fieldsന്യൂഡൽഹി: രാഷ്ട്രപതിയായി സ്ഥാനമേറ്റതിനു തൊട്ടുപിറകെ ദ്രൗപദി മുർമുവിന് പ്രതിപക്ഷ പാർട്ടികളുടെ പരാതി. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്ന പ്രവണത കേന്ദ്രസർക്കാർ ശക്തിപ്പെടുത്തിയിരിക്കേ, അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തിൽ കോൺഗ്രസ്, സി.പി.എം, ഡി.എം.കെ, സമാജ്‍വാദി പാർട്ടി, ആം ആദ്മി പാർട്ടി, ആർ.ജെ.ഡി തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം ദിവസവും ചോദ്യം ചെയ്തതിനിടയിലാണ് പ്രതിപക്ഷത്തിന്റെ കത്ത്. നിയമം നടപ്പാക്കാനുള്ളതു തന്നെ. എന്നാൽ അത് സ്വേച്ഛാപരമായി, ചിലരെ ഉന്നമിട്ടു ദുരുദ്ദേശ്യപരമായാണ് ഈ സർക്കാർ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബി.ജെ.പിയെ രാഷ്ട്രീയമായും ആശയപരമായും നേരിടുന്ന ശക്തികളെ ദുർബലപ്പെടുത്താനും അവമതിക്കാനുമാണ് കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗിക്കുന്നത്.
വിലക്കയറ്റം, ജി.എസ്.ടി വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ചക്ക് വഴങ്ങാത്ത സർക്കാറിന്റെ കടുംപിടിത്ത നിലപാടിനെയും കത്തിൽ വിമർശിച്ചു. ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളൊന്നും പാർലമെന്റിൽ ഉന്നയിക്കാൻ അനുവദിക്കാത്ത ഭരണപക്ഷ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.